ബൗളിങ് മികവില്‍ പൂനെയ്ക്ക് രണ്ടാം ജയം
ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എവേ പോരാട്ടത്തിനിറങ്ങിയ റൈസിങ് പൂനെ സൂപ്പര്‍ജയന്റ് ബൗളിങ് മികവില്‍ 27 റണ്‍സിന്റെ വിജയം സ്വന്തമാക്കി. അഞ്ചു മത്സരങ്ങളില്‍ രണ്ടാം ജയമാണ് പൂനെ നേടിയത്.
ആദ്യം ബാറ്റു ചെയ്ത അവര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ബാംഗ്ലൂരിന്റെ ചെറുത്ത് നില്‍പ്പ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ അവസാനിച്ചു.
തുടക്കത്തില്‍ കോഹ്‌ലിയും (19 പന്തില്‍ 28) പിന്നീട് ഡിവില്ല്യേഴ്‌സും (28) ആഞ്ഞടിച്ചെങ്കിലും ഇരുവരും മികച്ച സ്‌കോറിലെത്തും മുന്‍പ് വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീടെത്തിയവരെല്ലാം റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.
ബൗളര്‍മാരുടെ തന്ത്രപരമായ ഇടപെടലും ഫീല്‍ഡിങ് മികവും പൂനെ വിജയത്തില്‍ നിര്‍ണായകമായി. ബെന്‍ സ്റ്റോക്‌സ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്നും ഉനദ്കട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റോക്‌സ് നാലോവറില്‍ 18 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ടോസ് നേടി ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ ധോണിയടക്കം ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആരും വലിയ ഇന്നിങ്‌സ് പടുത്തുയര്‍ത്താഞ്ഞത് പൂനെയ്ക്ക് തിരിച്ചടിയായി. രഹാനെ (30), ത്രിപതി (31), സ്മിത്ത് (27), ധോണി (28) എന്നിവര്‍ തിളങ്ങി. പിന്നീടെത്തിയവര്‍ വിക്കറ്റ് ക്ഷണത്തില്‍ കളഞ്ഞതോടെ പൂനെ പരുങ്ങി.
വാലറ്റത്ത് മനോജ് തിവാരി 11 പന്തില്‍ അടിച്ചെടുത്ത 27 റണ്‍സ് സ്‌കോര്‍ 160 കടത്തി. ബാംഗ്ലൂരിനായി ആദം മില്‍നെ, എസ് അരവിന്ദ് എന്നിവര്‍ രണ്ടും ബദ്രി, വാട്‌സന്‍, നെഗി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."