ട്രംപിന് ക്ലീന്‍ ചിറ്റ് നല്‍കി മുള്ളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിച്ച വൈറ്റ് ഹൗസ് സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട് മുള്ളര്‍ ഇക്കാര്യത്തില്‍ ട്രംപിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെങ്കിലും ഇപ്പോഴാണ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. രണ്ടുവര്‍ഷം നീണ്ട വിപുലമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ അറ്റോര്‍ണി ജനറല്‍ യു.എസ് കോണ്‍ഗ്രസ് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലാണ് ട്രംപിനെ കുറ്റവിമുക്തനാക്കിയുള്ള പരാമര്‍ശങ്ങളുള്ളത്. ഇതില്‍ ട്രംപിനെതിരേ തുടര്‍നടപടികള്‍ക്കും ശുപാര്‍ശയില്ല. അതേസമയം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ നിയമവിരുദ്ധ നീക്കമാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ട്രംപ് പറഞ്ഞു.
ട്രംപോ അല്ലെങ്കില്‍ മറ്റേതെങ്കിലും അമേരിക്കന്‍ പൗരനോ റഷ്യയുമായി സഹകരിച്ചതായി കണ്ടെത്താനായില്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപോ അദ്ദേഹത്തിന്റെ പ്രചാരണ ചുമതലയുള്ള സമിതികളില്‍ ഏതെങ്കിലും ഒരാളോ റഷ്യയുമായി രഹസ്യനീക്കങ്ങള്‍ നടത്തിയതിന് തെളിവില്ല.
ട്രംപും അനുയായികളും നീതിന്യായ വ്യവസ്ഥയ്ക്കു തടസംനില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്താനായില്ല. അതിനാല്‍ എഫ്.ബി.ഐയുടെ ചോദ്യംചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ട്രംപ് വിധേയനാകേണ്ടതില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ പ്രസിഡന്റ് തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും അതോടൊപ്പം അദ്ദേഹത്തെ റിപ്പോര്‍ട്ട് കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുള്ളര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ട്രംപിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."