'2014 ലേക്ക് ഒരു തിരിഞ്ഞുനോട്ടം' തെരഞ്ഞെടുപ്പ് പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയാറാക്കിയ 'ലോക്‌സഭാ തെരഞ്ഞെടുപ്പും കേരളവും; 2014 ലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന ഇ-ലഘുപുസ്തകം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതുസോണ ആദ്യപ്രതി ഏറ്റുവാങ്ങി.
പുസ്തകത്തില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സമ്മതിദായക സമൂഹത്തിന്റെ പ്രതികരണം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ജനസംഖ്യ, സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍, ലിംഗാനുപാതം, പോളിങ് ബൂത്തുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ പ്രായം തിരിച്ചുള്ള കണക്കുക്കള്‍ തുടങ്ങിയവ ലഘുപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള കേരളത്തിന്റെ ഓരോ മേഖലയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രതികരണം ഏതു തരത്തിലായിരുന്നുവെന്ന വസ്തുതാപരമായ വിവരങ്ങള്‍, ഓരോ മണ്ഡലത്തിലെയും വോട്ടിങ് നില, വോട്ടിങ് പ്രവണത മുതലായവ വ്യക്തമാക്കുന്ന ഗ്രാഫുകളും പുസ്തകത്തിലുണ്ട്.
തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സൂരജ് മോന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ദേവന്‍ എന്നിവരും പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."