ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ അഴിമുഖ സര്‍വീസിനായി പുതിയ യാത്രാ ബോട്ട് നീറ്റിലിറക്കി
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിവൈപ്പിന്‍ അഴിമുഖത്ത് സര്‍വീസിനായി കൊച്ചി നഗരസഭയുടെ യാത്രാ ബോട്ട് തയ്യാറായി. 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യത്തോടെ ഇരട്ട എഞ്ചിനുള്ള 'ഫോര്‍ട്ട് ക്യൂന്‍' എന്ന ബോട്ടാണ് തോപ്പുംപടിയില്‍ നീറ്റിലിറക്കിയത്.നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ചിലവഴിച്ചാണ് 270 കുതിരശക്തിയുള്ള ബോട്ട് നിര്‍മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് കുസാറ്റിലെ വിദദ്ധരുടെ ഉപദേശത്തോടെ ബോട്ട് നിര്‍മ്മിച്ചത്.21 മീറ്റര്‍ നീളവും,5.300 മീറ്റര്‍ വീതിയുമുണ്ട്.
ഈ പാതയില്‍ നേരത്തെ രണ്ട് ബോട്ടുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്.2015 ആഗസ്റ്റ് 26നാണ് മത്സ്യ ബന്ധന യാനം ഇടിച്ച് കാലപ്പഴക്കം ചെന്ന സര്‍വീസ് ബോട്ടുകളില്‍ ഒരെണ്ണമായ എം.വി. ഭാരത് തകര്‍ന്ന് പതിനൊന്ന് ജീവനുകള്‍ പൊലിഞ്ഞത്. അതിനു ശേഷം ബദല്‍ സംവിധാനം ഒരുക്കാന്‍ നഗരസഭ ശുഷ്കാന്തിപുലര്ത്താത്തത് ഏറെ ബഹളത്തിനിടയാക്കിയിരുന്നു. ജനകീയ സമരങ്ങള്‍ ഏറിയതോടെയാണ് ആലപ്പുഴയില്‍ നിന്നും കാര്‍ഷീക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന പാപ്പിയെന്ന ബോട്ട് അഴിമുഖത്തെ യാത്രാബോട്ടാക്കി മാറ്റിയത്.
നഗരസഭയും, കരാറുകാരനുമായിട്ടായിരുന്നു വാടക ഉടമ്പടി നടത്തിയത്. എന്നാല്‍ കോര്പ്പറേഷന് നല്കുന്ന വാടക കരാറുകാരനില്‍ നിന്നും ലഭിക്കാതായതോടെ ബോട്ടുടമ ബോട്ട് തിരികെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് കരാറുകാരനെ ഒഴിവാക്കി നേരിട്ട് ഉടമയുമായി വാടക കരാറിലേര്‍പ്പെട്ടതോടെയാണ് ബോട്ട് വീണ്ടും സര്‍വീസ് ആരംഭിച്ചത്.
പുതിയ ബോട്ട് രണ്ടാഴ്ചക്കുള്ളില്‍ സര്‍വീസ് നടത്താനാകുമെന്ന് മേയര്‍ പറഞ്ഞു. പരീക്ഷണ ഓട്ടങ്ങള്‍ നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സര്‍വ്വീസ് ആരംഭിക്കുക.
ഡെപ്യൂട്ടി മേയര്‍ ടി.ജെ .വിനോദ് ,നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.ബി.സാബു, കെ.വി.പി. കൃഷ്ണകുമാര്‍ ,ഷൈനി മാത്യു ,കൗണ്‍സിലര്‍മാരായ കെ.ജെ.ആന്റണി, ടി.കെ.ഷംസുദ്ധീന്, സീനത്ത് റഷീദ്, കെ.ജെ.പ്രകാശന്, ഷീബലാല്‍, ഷമീന ടീച്ചര്‍ എന്നിവര്‍ നീറ്റിലിറക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."