ചീനവലകളുടെ കുറ്റികള്‍ നീക്കം ചെയ്തില്ല; ദേശീയ ജലപാതയില്‍ ഗതാഗതം അപകടാവസ്ഥയില്‍
ഹരിപ്പാട്: ദേശീയ ജലപാതയില്‍ കൊച്ചീടെജെട്ടി പാലം മുതല്‍ വലിയഴീക്കല്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ നീളത്തിലുള്ള സ്ഥലത്തെ കുറ്റികളാണ് പ്രദേശത്ത് യാത്രാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ ജലപാതാ നവീകരണത്തിന്റെ ഭാഗമായാണ് കായലിലില്‍ സ്ഥാപിച്ചിരുന്ന എണ്‍പതേളം ചീനവലകള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി നീക്കം ചെയ്യിച്ചത്.
ഒരു വലയ്ക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്. കായലില്‍ സ്ഥാപിച്ചിട്ടുള്ള കുറ്റികള്‍ തൊഴിലാളികള്‍ തന്നെ നീക്കം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നഷ്ടപരിഹാരം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റികള്‍ മാറ്റാന്‍ ഇതുവരെ മത്സ്യൊഴിലാളികള്‍ തയ്യാറായിട്ടില്ല.
വിനോദ സഞ്ചാര ബോട്ടുകളും മത്സ്യബന്ധന യാനങ്ങളുമാണ് അധികവും ഇതുവഴി സഞ്ചരിക്കുന്നത്. വീതി കൂടിയ കായലിന്റെ മദ്ധ്യഭാഗത്ത് ഏകദേശം 40 മീറ്റര്‍ മാത്രമാണ് ജലപാതയ്ക്കായി ഉപോഗിക്കുന്നത്. ഇതിന്റെ ഇരുവശങ്ങളുിലും വ്യാപകമായാണ് കുറ്റികള്‍ നിലകൊള്ളുന്നത്. വിനോദ സഞ്ചാര ബോട്ടുകള്‍ എത്തിയാല്‍ മറ്റൊന്നിന് സൈഡ് കൊടുക്കാന്‍ കഴിയാതെ ഞെരുങ്ങുന്ന സാഹചര്യവുമുണ്ട്. ഇതിനു പുറമെ ചെറുകിട മത്സ്യതൊഴിലാളികള്‍ ജലപാതയ്ക്ക് കുറുകെ ഉടക്കു വലകള്‍ സ്ഥാപിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
പലപ്പോഴും ഈ വലകള്‍ യന്ത്രവള്ളക്കാരുടെ ശ്രദ്ധയില്‍ പെടാറില്ല. അതിനാല്‍ വല യന്ത്രങ്ങളില്‍ കുടുങ്ങുന്നതും സാധാരണയാണ്. ഇതിന്റെ പേരില്‍ പ്രദേശത്ത് പലപ്പോഴും തൊഴിലാളികളും ബോട്ടുകാരുമായി വാഗ്വാദങ്ങളും ഉണ്ടാകാറുണ്ട്.
ജലപാതയില്‍ ആഴക്കൂടുതല്‍ അനുഭവപ്പെടുന്നതിനാല്‍ വല കുരുങ്ങുന്നത് നീക്കം ചെയ്യണമെങ്കില്‍ മണിക്കൂറുകളോളം സാഹസപ്പെടേണ്ടിയും വരാറുണ്ട്.
കുറ്റികള്‍ക്കിടയിലൂടെ രാത്രികാലങ്ങളില്‍ ചെറുകിട മത്സ്യതൊഴിലാളികള്‍ തന്നെ യാത്രചെയ്യുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. ചീനവലകള്‍ നിലിനിന്നിരുന്നപ്പോള്‍ അതിലെ വിളക്കുകളും പ്രത്യക്ഷത്തില്‍ കാണാവുന്ന സാഹചര്യങ്ങളും അപകടങ്ങളെ ഒഴിവാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ കുറ്റികള്‍ മാത്രമായതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ശാശ്വതമായി കുറ്റികള്‍ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കുന്നതിനും ജലഗതാഗതം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."