പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കും: കലക്ടര്‍
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റ് സാമിപ്യമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു.
സെക്ടറല്‍ ഒഫിസര്‍മാര്‍ നേതൃത്വത്തില്‍ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മായോസിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലകളടക്കം ഉള്‍പ്പെടുത്തിയാണ് ബൂത്തുകളുടെ കണക്കെടുപ്പ്. മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി പ്രശ്‌നബാധിത ബൂത്തുകളില്‍ നിരീക്ഷണക്യാമറകള്‍ അടക്കം സജ്ജമാക്കും. ആവശ്യമായി വന്നാല്‍ കേന്ദ്രസേനയുടെ സഹായവും തേടുമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ അതാത് പ്രദേശത്തെ ഭിന്നശേഷിക്കാരായവരുടെ വിവരശേഖരണം നടത്തി. ഇവര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യമടക്കം ലഭ്യമാക്കും. പത്രികാ സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും തെരഞ്ഞടുപ്പു കമ്മിഷന്റെ സുവിധ സോഫ്റ്റ്‌വെയര്‍ വഴിയായിരിക്കും. ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ കാര്‍ഡില്‍ മൂന്നാംലിംഗം എന്നപേരില്‍ രേഖപ്പെടുത്തിയത് പിഴവാണെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന്റെ ഭാഗമായി വിവിപാറ്റ് വോട്ടിംഗ്‌മെഷീന്‍ വരുംദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."