കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കള്ളക്കേസില്‍ കുടുക്കുന്നു:ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: ഇടുക്കി ജില്ലയിലുടനീളം കഴിഞ്ഞ പത്തു മാസങ്ങളായി നിരപരാധികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലിസ് കള്ളക്കേസില്‍ കുടുക്കുന്നതായും സി.പി.എം. ഓഫിസുകളില്‍ നിന്നും പറയുന്നതു മാത്രം കേള്‍ക്കുന്ന ഏറാന്മൂളികളായി പൊലിസ് മാറിയെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
അരിയ്ക്ക് കിലോയ്ക്ക് 50 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ അതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ ഭക്ഷ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ക്കെതിരേ പി.ഡി.പി.പി. അടക്കം ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. മറ്റു ജില്ലകളില്‍ നടന്ന സമാനമായ സമരത്തിലൊന്നും ഒരിടത്തും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുമില്ല. വെങ്ങല്ലൂരില്‍ സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി ടാറിംഗ് നടത്തുന്നത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇടുക്കി കഞ്ഞിക്കുഴിയില്‍ അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുക്കാതിരിക്കുകയും പരുക്കേറ്റ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരേ വലിയ വകുപ്പിട്ട് കേസെടുക്കുകയും ചെയ്തു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ അക്രമം കാട്ടിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേയും മാതൃകാപരമായി കേസെടുത്തില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ സബ് കലക്ടറെ വഴിയില്‍ തടഞ്ഞ് അസഭ്യം പറയുകയും ദൗത്യസംഘാംഗത്തെ മര്‍ദ്ദിക്കുകയും ചെയ്തിട്ടും ജില്ലാ പൊലിസ് മേധാവി പൊലിസിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് 21 ന് വൈകിട്ട് നാലിന് തൊടുപുഴയില്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."