HOME
DETAILS
MAL
താരങ്ങളെ സൃഷ്ടിച്ചവര്‍ ട്രാക്കിന് പുറത്ത്; ദ്രോണാചാര്യ ശുപാര്‍ശയില്‍ വിവാദം
backup
June 06 2020 | 03:06 AM
കോട്ടയം: രാജ്യം കായിക പരിശീലകര്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാര്‍ഡിനായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ) യുടെ ശുപാര്‍ശ വിവാദത്തില്‍. നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ പ്രമുഖ പരിശീലകരെ ഒഴിവാക്കിയുള്ള ദ്രോണാചാര്യ ശുപാര്‍ശയാണ് ചോദ്യം ചെയ്യപ്പെടുന്നത്. എ.എഫ്.ഐ സമര്‍പ്പിച്ച പട്ടികയില്‍ ഇടം പിടിച്ച മലയാളി പരിശീലകന് യോഗ്യതയില്ലെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യന്തര, ദേശീയതലത്തില്‍ ഒരു താരത്തെയും പരിശീലിപ്പിച്ച് മെഡല്‍ നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതില്‍ ഒരു പങ്കുമില്ലെന്ന ആരോപണം ശക്തമാണ്. നിരവധി ഒളിംപ്യന്മാരെയും ഏഷ്യന്‍ മെഡല്‍ ജേതാക്കളെയും സൃഷ്ടിച്ച രാജ്യത്തെ തന്നെ മുന്‍നിര പരിശീലകരായ സി.ആര് പുരുഷോത്തമന്, ടി.പി ഔസേപ്പ്, മുഹമ്മദ് കുഞ്ഞി, പി.ടി ഉഷ, പി.പി പോള്‍ തുടങ്ങി ഒട്ടേറെ പേരെ ഒഴിവാക്കിയാണ് ഇത്തവണ എ.എഫ്.ഐ ദ്രോണാചാര്യ ശുപാര്‍ശ നല്‍കിയത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ കോഴ്സ് വിജയിച്ച ഏക പരിശീലകന് എന്നതാണ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ ദ്രോണാചാര്യ യോഗ്യതയായി എ.എഫ്.ഐ എടുത്ത് കാട്ടുന്നത്. സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ച് രാജ്യത്തിന് മെഡലുകള്‍ സമ്മാനിക്കാനായില്ലെങ്കിലും കോഴ്സ് ജയിച്ചാല്‍ മതിയെന്നത് എന്ത് യോഗ്യതയാണെന്ന് കായികരംഗത്തുള്ളവര്‍ ചോദിക്കുന്നു. മറ്റു പരിശീലകര്‍ വാര്‍ത്തെടുത്ത 400 മീറ്ററിലെ ഇന്ത്യന്‍ താരങ്ങളായ വി.കെ വിസ്മയയുടെയും ഹിമ ദാസിന്റെയും ക്രെഡിറ്റ് ത്രോ പരിശീലകന് ചാര്‍ത്തി കൊടുത്താണ് എ.എഫ്.ഐ അധ്യക്ഷന്‍ തന്നെ ദ്രോണാചാര്യ സംഘടിപ്പിക്കാനുള്ള നീക്കത്തിന് കുടപിടിക്കുന്നത്. ഒരു വ്യാഴവട്ടം മുന്‍പ് സ്കൂള്‍ മീറ്റുകളില്‍ മെഡല്‍ നേടി, പിന്നീട് വിസ്മൃതിയിലായ ത്രോ താരങ്ങളുടെ പരിശീലകനായിരുന്നതാണ് ഇദ്ദേഹത്തിന്റെ ശരിക്കുള്ള നേട്ടം.
സ്കൂള്‍ കായികമേളയിലെ സൂപ്പര്‍ പരിശീലകന് രാജു പോള്‍ കണ്ടെത്തിയ വിസ്മയയെ മികച്ച താരമാക്കി മാറ്റിയത് പി.പി പോള്‍, വിനയചന്ദ്രന് എന്നിവര്‍ കൂടി ചേര്‍ന്നാണ്. കഴിവ് തെളിയിച്ച് വിസ്മയ ദേശീയ ക്യാംപിലേക്ക് എത്തിയതോടെ വിദേശ പരിശീലക ഗലീന ബുഖറീനക്ക് കീഴിലാണ് പരിശീലനം. അസമിലെ ദിങ് ഗ്രാമത്തില്‍ നിന്ന് ഹിമയിലെ ഓട്ടക്കാരിയെ കണ്ടെത്തി ട്രാക്കിലാക്കിയത് പരിശീലകനായ നിപോണ്‍ ദാസ് ആണ്. ദേശീയ സ്കൂള്‍ കായിക മേളയില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഹിമ ഇന്ത്യന്‍ ക്യാംപിലേക്ക് വന്നതോടെ ഗലീന ബുഖറീനയ്ക്ക് കീഴിലായി പരിശീലനം. ഇന്ത്യന്‍ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്ര ഇന്ത്യന്‍ ക്യാംപിലെത്തിയ ശേഷം ആദ്യ പരിശീലകന് കാശിനാഥായിരുന്നു. വിദേശ പരിശീലകന് ഗാരി കാല്‍വര്‍ട്ടിന് കീഴിലാണ് ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണവും റെക്കോഡും നേടിയത്. ഡെന്മാര്ക്കില് നിന്നുള്ള ഉവെ ഗോന് ആണ് നീരജിന്റെ നിലവിലെ പരിശീലകന്. ഇതൊക്കെ തെളിവുകളുള്ള സത്യങ്ങളാണ്.
ഏഷ്യന്‍ മെഡലിസ്റ്റുകളായ ഒളിംപ്യന്‍ കെ.എം ബീനമോളും കെ.എം ബിനുവും അടക്കം ഒരു പിടി താരങ്ങളുടെ പരിശീലകനാണ് ഇത്തവണയും അവഗണിക്കപ്പെട്ട പരിശീലകന് വന്ദ്യവയോധികനായ സി.ആര് പുരുഷോത്തമന്. പത്ത് വര്‍ഷം ഇന്ത്യന്‍ പരിശീലകനായിരുന്നു. അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, എസ്. മുരളി, ലേഖ തോമസ്, ജിന്‍സി ഫിലിപ്പ് അടക്കം നിരവധി താരങ്ങളെ സൃഷ്ടിച്ച പരിശീലകനാണ് ടി.പി ഔസേപ്പ്. ഇവര്‍ക്ക് പുറമേയാണ് ഇന്ത്യന്‍ പരിശീലകരായ മുഹമ്മദ് കുഞ്ഞി, ഒളിംപ്യന്‍ പി.ടി ഉഷ, പി.പി പോള്‍ ഉള്‍പ്പടെ നിരവധി പേര് ദ്രോണാചാര്യ ശുപാര്‍ശയില്‍ തഴയപ്പെട്ടത്. എ.എഫ്.ഐയുടെ കളത്തിന് പുറത്തെ കളികള്‍ക്കെതിരേ കടുത്ത അര്ഷമാണ് കേരളത്തിലെ അത്ലറ്റിക് പരിശീലകര്‍ ഉള്‍പ്പടെ പ്രകടിപ്പിക്കുന്നത്. തങ്ങളെയും കായിക താരങ്ങളെയും എ.എഫ്.ഐ വേട്ടയാടുമെന്നതിനാല്‍ പരസ്യമായ പ്രതിഷേധത്തിനും പ്രതികരണത്തിനും പരിശീലകര്‍ ഭയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."