പെരിന്തല്‍മണ്ണയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍; രണ്ടാംഘട്ട ജനകീയ ബോധവല്‍ക്കരണത്തിന് തുടക്കം
പെരിന്തല്‍മണ്ണ: ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമുയര്‍ത്തി 'ജീവനം' പദ്ധതിയിലൂടെ പെരിന്തല്‍മണ്ണ നഗരസഭ രണ്ടാംഘട്ട ജനകീയ ബോധവല്‍ക്കരണത്തിന് തുടക്കംകുറിച്ചു. ഹരിതകേരള മിഷന്റെയും നഗരസഭയിലെ ശുചിത്വ, മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ 'ജീവന'ത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയില്‍ നടപ്പാക്കിവരുന്ന 'ഗ്രീന്‍പ്രോട്ടോകോള്‍' പരിപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് മുനിസിപ്പല്‍ തലത്തില്‍ രണ്ടാംഘട്ട ബോധവല്‍ക്കരണത്തിന് തുടക്കംകുറിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഹരിതസേനാംഗങ്ങള്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലുമെത്തി ഇതുസംബന്ധിച്ച സന്ദേശം കൈമാറും. 15നകം 34 വാര്‍ഡുകളിലെയും ആദ്യഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കും. ജനകീയ കണ്‍വന്‍ഷന്‍, ബോധവല്‍ക്കരണം, ഗൃഹസന്ദര്‍ശനം, ശുചിത്വ സന്ദേശവുമായി സമ്മാന കൂപ്പണ്‍ വിതരണം, വിവിധ മത്സരങ്ങള്‍, മൈക്ക് പ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കും. ജൈവ പച്ചക്കറി, പോഷകാഹാര തൈ വിതരണം എന്നിവയും നടക്കും. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്കെല്ലാം യു.ആര്‍ കോഡുള്ള ഗ്രീന്‍ കാര്‍ഡുകളും കൈമാറും. ഡിസംബറില്‍ കാംപയിന്‍ സമാപിക്കും. കാംപയിന്‍ കാലയളവില്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിനായി പ്രത്യേക കലണ്ടറിനും രൂപം നല്‍കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി നോര്‍ത്ത് എല്‍.പി സ്‌കൂളില്‍ രണ്ടാംഘട്ട ബോധവല്‍ക്കരണ പരിപാടിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉസ്മാന്‍ താമരത്ത് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, കൗണ്‍സിലര്‍മാരായ കെ.സി മൊയ്തീന്‍കുട്ടി, പി.ടി ശോഭന, കിഴിശ്ശേരി മുസ്തഫ, പത്തത്ത് ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."