ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡില്‍ ഇടം നേടി ബേക്കറി ഉടമ സന്തോഷ്
വൈക്കം: ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോഡില്‍ ഇടം നേടി വൈക്കത്തെ ജിക്കുസ് ബേക്കറി ഉടമ സന്തോഷ്. 33 മിനിറ്റ് കൊണ്ട് 33 പാചക വിസ്മയങ്ങള്‍ തീര്‍ത്ത സന്തോഷ് പതിനൊന്ന് ഗ്യാസ് ബര്‍ണറുകളും ഓവനും കുക്കറും മിക്‌സിയും ഉപയോഗിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ബിരിയാണി, സാമ്പാര്‍, ചിക്കന്‍കറി, പായസം, മീന്‍ഫ്രൈ, തോരന്‍ തുടങ്ങിയ നാടന്‍വിഭവങ്ങളും, ചൈനീസ്, കോണ്ടിനന്റല്‍ വരെയുള്ള കൊതിയൂറും വിഭവങ്ങള്‍ ഒന്നൊന്നായി ക്ഷണിക്കപ്പെട്ട സദസ്സിന്റെ മുന്‍പില്‍ നിരന്നപ്പോള്‍ കാണികള്‍ക്ക് ഇതുവരെയും കാണാത്ത ഒരു അനുഭൂതിയായിമാറി. മുപ്പതുവര്‍ഷങ്ങളായി പാചകകലയില്‍ പ്രാവീണ്യം നേടിയ സന്തോഷ് പല ചാനലുകളിലും കുക്കറിഷോകളിലും നിറഞ്ഞു നില്‍ക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പാചകക്കുറിപ്പുകളും ഇടം നേടിയിട്ടുണ്ട്. സിനിമ, സീരിയല്‍, ആല്‍ബങ്ങള്‍, കോമഡിഷോ എന്നീ രംഗങ്ങളിലും ഇദ്ദേഹം തന്റെ അഭിനയ മികവുകള്‍ തെളിയിച്ചിട്ടുണ്ട്. വടയാര്‍ പന്നിക്കോട്ട് മുഴുവിന്‍മേല്‍ വീട്ടില്‍ പത്മനാഭന്റെയും കാര്‍ത്ത്യായനി അമ്മയുടെയും പന്ത്രണ്ട് മക്കളില്‍ പതിനൊന്നാമത്തെ പുത്രനായ സന്തോഷ് ഒരു കര്‍ഷക കുടുംബാംഗമാണ്. ഭാര്യ മായ സന്തോഷ്. ജിക്കു സന്തോഷ്, ഡിക്കു സന്തോഷ്, ജ്യോതിലക്ഷ്മി എന്നിവര്‍ മക്കളാണ്. വേള്‍ഡ് ഗിന്നസ് റെക്കോഡില്‍ ഇടം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."