പ്രതി വലയിലായത് ഇങ്ങനെ
എരുമപ്പെട്ടി: സ്റ്റേഷനില്‍ നിന്നും ചാടിപോയ പ്രതിയെ എരുമപ്പെട്ടി പൊലിസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. ഉച്ചക്ക് ചാടിപോയ പ്രതിയെ നേരം പുലരുന്നതിനുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത് പൊലിസിന് ആശ്വാസവും അഭിമാനവുമായി മാറി.
ഗാര്‍ഹിക പീഡനം മൂലം ഭാര്യ ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ പ്രതി ഹാഷിം ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. എസ്.ഐയും മറ്റു ഉദ്യോഗസ്ഥരും പുറത്ത് ഡ്യൂട്ടിയിലായിരുന്നതിനാല്‍ സംഭവ സമയത്ത് റൈറ്ററും രണ്ട് വനിത പൊലിസുമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.
റൈറ്റര്‍ കംപ്യൂട്ടര്‍ റൂമില്‍ കയറിയ തക്കത്തില്‍ ഇയാള്‍ വനിത ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വനിത പൊലിസ് ഉദ്യോഗസ്ഥയും റൈറ്ററും പ്രതിയുടെ പുറകെ ഓടിയെങ്കിലും ഇയാള്‍ എരുമപ്പെട്ടി പുഴയില്‍ ചാടി മറുകരയിലേക്ക് നീന്തി രക്ഷപ്പെട്ടു.
തുടര്‍ന്ന് എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തി തിരച്ചിലാരംഭിച്ചെങ്കിലും പൊന്തക്കാടുകള്‍ നിറഞ്ഞ പറമ്പുകളിലൂടേയും വനത്തിനുള്ളിലിലൂടെയും സഞ്ചരിച്ച പ്രതിയെ കണ്ടത്താന്‍ കഴിഞ്ഞില്ല.
പൊലിസിനെ സഹായിക്കാന്‍ നാട്ടുകാരും എത്തിയതോടെ തിരച്ചില്‍ ഊര്‍ജ്ജിതമായി.
പിടിക്കപ്പെടുമെന്ന് മനസിലാക്കിയ പ്രതി ഇരുട്ടുവോളം ആളൊഴിഞ്ഞ ചതുപ്പ് നിറഞ്ഞ പറമ്പിലെ പൊന്തക്കാടിനുള്ളില്‍ ഒളിച്ചിചിരുന്നു.
ഇതിനിടയില്‍ പൊലിസ് നായയെ കൊണ്ട് വന്ന് പ്രതി സഞ്ചരിച്ചതായി കരുതുന്ന വഴികളിലൂടെ മണം പിടിച്ച് നടത്തിച്ചെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല.
ട്രൗസര്‍ മാത്രം ധരിച്ചിരുന്ന ഇയാള്‍ രാത്രി എട്ട് മണിയോടെ പുറത്തിറങ്ങി നെല്ലുവായിലുള്ള വീട്ടില്‍ നിന്നും ടീഷര്‍ട്ടും മുണ്ടും മോഷ്ടിച്ചതാണ് പ്രതി പരിസര പ്രദേശങ്ങളിലുണ്ടെന്ന് പൊലിസ് മനസിലാക്കിയത്. ഇതോടെ തന്ത്രപരമായ നീക്കത്തിന് പൊലിസ് ഒരുങ്ങുകയായിരുന്നു.
തിരച്ചില്‍ അവസാനിപ്പിച്ച മട്ടില്‍ പിന്‍മാറിയ പൊലിസ് പിന്നീട് സാധാരണ വേഷത്തില്‍ നെല്ലുവായ് പ്രദേശം വളയുകയായിരുന്നു.
നാട്ടുകാരുടെ സഹകരണത്തോടെ ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലും റോന്ത് ചുറ്റിയ പൊലിസ് പ്രധാന റോഡിലും ഇടവഴികളിലും പതുങ്ങിയിരുന്നു.
വാഹനങ്ങള്‍ ഒഴിയുകയും ആളനക്കം നിലക്കുകയും ചെയ്തതോടെ ഹാഷിം നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തിന് സമീപമുള്ള വഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. റോഡരുകിലെ ബസ്റ്റോപ്പിന് സമീപം പതുങ്ങിയിരുന്ന പൊലിസ് സംഘം ഇയാളുടെ മേല്‍ ചാടി വീണ് പിടികൂടുകയായിരുന്നു.
കുതറിയോടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പൊലിസ് കീഴ്‌പ്പെടുത്തിയത്. പ്രതിചാടിപോയ സംഭവത്തില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണ് പൊലിസിന് ലഭിച്ചിരിക്കുന്നത്.
ചാടിപോയ പ്രതിയെ 12 മണിക്കൂകൂറിനുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത് എരുമപ്പെട്ടി പൊലിസിന് അഭിമാനകരമായ നേട്ടംകൂടിയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."