മാഞ്ചിയംകുന്നില്‍നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി
ചാലക്കുടി: കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മാഞ്ചിയംകുന്നില്‍നിന്ന് അനധികൃതമായി മണ്ണെടുക്കുന്നുണ്ടെന്നും ഇതിന് പൊലിസടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്നും ചാലക്കുടി ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അനധികൃതമായി മണ്ണ് കടത്തുന്നതിനെതിരേ പ്രതിഷേധവുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തി ഓടിക്കുകയാണെന്നും ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മറവിലാണ് ഇപ്പോള്‍ മണ്ണ് ഖനനം നടക്കുന്നത്. അനധികൃതമായി മണ്ണെടുക്കുന്നത് തടയാനെത്തിയ സമരസമിതി പ്രവര്‍ത്തകരായ ഫ്രഡി ജാക്‌സന്‍, കെ.ഡി വിത്സന്‍ എന്നിവരെ മണ്ണ് മാഫിയ സംഘം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ ആരോപിച്ചു. പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇപ്പോഴും മണ്ണെടുപ്പ് നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
മാഞ്ചിയംകുന്ന് സംരക്ഷിക്കുന്നതിന്റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി 27ന് വൈകിട്ട് അഞ്ചിന് നായരങ്ങാടി ഉദനിപറമ്പ് ജങ്ഷനില്‍ വച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി പുരുഷോത്തമന്‍, സമരസമിതി ചെയര്‍മാന്‍ ഫ്രഡി ജാക്‌സന്‍, കണ്‍വീനര്‍ വിത്സന്‍ കോട്ടയ്ക്ക, ലീഗല്‍ അഡൈ്വസര്‍ അഡ്വ.പ്രജിത പ്രകാശന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."