ആറു തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കത്തിന് കടല്‍പാത
കാസര്‍കോട്: സംസ്ഥാനത്തെ ആറു തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുനീക്കത്തിന് കടല്‍പാതയൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഇതിനായി പ്രാഥമിക സര്‍വേ നടത്താന്‍ ഗതാഗത-ജലഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
വിഴിഞ്ഞം, കൊച്ചി, പൊന്നാനി, ബേപ്പൂര്‍, അഴീക്കോട്, ബേക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കത്തിനാണ് പദ്ധതി. ഇതുവഴി ചരക്കു നീക്കത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാണ് ശ്രമം. അഞ്ചു വര്‍ഷം കൊണ്ടു പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ശ്രമം.
ബേക്കല്‍ ഒഴിച്ചുള്ള തുറമുഖങ്ങളില്‍ ചരക്കുനീക്കം നടത്തുന്നതിനുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ നിന്ന് കടല്‍മാര്‍ഗം വിഴിഞ്ഞത്ത് ചരക്കുകള്‍ എത്തിക്കുന്നതിലൂടെ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാകുന്നതിനു പുറമെ ഇന്ധന ലാഭവും ഏറെയാണെന്നാണു കണക്കൂകൂട്ടല്‍.
പദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പുനല്‍കിയിട്ടുമുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കടലിലൂടെ യാത്രാ ബോട്ടുകള്‍ ഉപയോഗിക്കാനുള്ള പദ്ധതിക്കു കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പായില്ല.
തുറമുഖങ്ങളിലൂടെ ചരക്കു നീക്കത്തിനുള്ള അനുകൂല സാഹചര്യമാണ് കേരളത്തിലെന്നുള്ള പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്നാണ് പദ്ധതിക്കായി കടല്‍പാതയൊരുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ തുറമുഖങ്ങളുടെ വികസനവും അനുബന്ധ റോഡുകളുടെ വികസനവും സാധ്യമാകുമെന്നും വിലയിരുത്തലുണ്ട്.
നിലവില്‍ റോഡുമാര്‍ഗം എടുക്കുന്ന സമയത്തിനുള്ളില്‍ കടല്‍ പാതയിലൂടെ സാധനങ്ങള്‍ എത്തിക്കാമെന്നാണ് പ്രതീക്ഷ. റോഡിലെ കുരുക്കില്ലാതെ കൃത്യസമയത്ത് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നതിനാല്‍ സ്വകാര്യ സംരംഭകര്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിക്കുമെന്നും പദ്ധതി വിജയമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ചരക്കു നീക്കത്തിനു കടല്‍പ്പാത ഒരുക്കുന്നതിനുള്ള പഠനത്തിനൊപ്പം തന്നെ തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ അതിവേഗ ഫെറി സര്‍വിസ് തുടങ്ങുന്നതിനുള്ള പഠനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."