പി.ഡബ്ല്യു.ഡി റോഡില്‍ വീണ്ടും 'സൂത്രപ്പണി'; നാട്ടുകാര്‍ ദുരിതത്തില്‍
നെട്ടൂര്‍: പി.ഡബ്ല്യു.ഡി റോഡ് നിര്‍മാണത്തിലെ പാകപ്പിഴക്ക് പരിഹാരമായി കരാറുകാരന്റെ 'പൊടിക്കൈ' പ്രയോഗം നാട്ടുകാരെ ദുരിതത്തിലാക്കി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ വിരിച്ച ടൈലുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇളകിയാടുന്ന അവസ്ഥയിലായിരുന്നു. ഇത് മൂലം ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പടുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. നിര്‍മാണത്തിലെ അപാകത മൂലം ശോചനീയാവസ്ഥയിലായ റോഡിന്റെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെട്ടൂരിലെ പൊതുപ്രവര്‍ത്തകനായ എ.സി വിനീഷ് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും നിത്യവും യാത്ര ചെയ്യുന്ന നെട്ടൂരിലെ തിരക്കേറിയതും പുരാതനവുമായ ഈ റോഡില്‍ പുനര്‍ നിര്‍മാണത്തിനായി കൃത്യമായ അളവില്‍ മെറ്റല്‍ വിരിച്ച് ഉറപ്പിക്കാതെയാണ് ടൈല്‍ വിരിച്ചിട്ടുള്ളതെന്നും ടൈലിന്റെ വിടവുകളില്‍ കൃത്യമായ രീതിയില്‍ മെറ്റല്‍ പൊടി നിറച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇത് സമ്പന്ധിച്ച് പത്രവാര്‍ത്തകളും വന്നിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി സമയത്ത് റോഡില്‍ വീണ്ടും മെറ്റല്‍ പൊടി വിതറിയത് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. യാത്ര ചെയ്യുന്നവരുടെ കണ്ണിലും മുക്കിലും പൊടി കയറുന്ന അവസ്ഥയാണ്. മുഖം മൂടിയണിഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍ ഇവിടെ.
വെയില്‍ വന്ന് റോഡുണങ്ങിയാല്‍ സമീപത്തെ വീടുകളിലേക്ക് പൊടിയെത്തുന്നു. അസുഖമുള്ള പലരും ഇത് മൂലം ബുദ്ധിമുട്ടുന്നു. മെറ്റല്‍ പൊടി ടെലിന്റെ വിടവുകളില്‍ ഇറക്കാതെ റോഡില്‍ വിതറിയിട്ട് പോകുന്നത് പാഴ് വേലയാണെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് ചെയ്യുന്ന ഇത്തരം പണികള്‍ കരാറുകാര്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ചെയ്യുന്നത്
അധികരുടെ അനാസ്ഥ മൂലമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നിലവിലെ അവസ്ഥക്ക് പരിഹാരം കാണുന്നതിന് അധികൃതര്‍ റോഡ് പരിശോധിച്ച് അവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ അപാകതകള്‍ പരിഹരിച്ച് റോഡ് സുരക്ഷിതമാക്കണമെന്ന് വോയ്‌സ് ഓഫ് നെട്ടൂര്‍ പ്രസിഡന്റ് എം.എം.അഷ്‌റഫ് സെക്രട്ടറി വി.എ.സാദിക് എന്നിവര്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."