ആദ്യ ഗാനം ചിട്ടപ്പെടുത്തിയ ഓര്‍മ പുതുക്കി അര്‍ജുനന്‍ മാസ്റ്റര്‍ അധികാരി വളപ്പിലെത്തി
മട്ടാഞ്ചേരി: തന്റെ ആദ്യഗാനം ചിട്ടപ്പെടുത്തിയ അധികാരി വളപ്പില്‍ സംഗീതസപര്യയുടെ ഓര്‍മ പുതുക്കി അര്‍ജുനന്‍ മാസ്റ്ററെത്തി. ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പിലെ കുറുപ്പത്ത് കുടുംബത്തിലെ തിരുഹൃദയ പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എത്തിയത്.
ബ്രിട്ടീഷ് ഭരണകാലത്ത് കരം പിരിക്കാനും പ്രാദേശികമായ കാര്യങ്ങള്‍ നോക്കി നടത്താനും ബ്രിട്ടിഷ് സര്‍ക്കാര്‍ നിയോഗിച്ച അധികാരികളായിരുന്നു കറുപ്പത്തു വീട്ടിലെ മുന്‍ തലമുറക്കാര്‍. ഇവര്‍ താമസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് സ്ഥലത്തിന് അധികാരി വളപ്പ് എന്ന പേരു വന്നത്.
മൂന്നു തലമുറക്ക് മുന്‍പ് ഫ്രാന്‍സിസ് എന്ന സംഗീത പ്രേമിയാണ് അധികാരി വളപ്പിലെ വീട്ടില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ഭാഗവതര്‍, അര്‍ജുനന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ള അക്കാലത്തെ സംഗീത രംഗത്ത് കഴിഞ്ഞിരുന്നവര്‍ക്ക് ഒത്തു കൂടാനും ഗാനങ്ങള്‍ പാടുവാനും അവസരം ഒരുക്കിയിരുന്നത്. മിക്കവാറും ദിവസങ്ങളില്‍ അധികാരി വളപ്പിലെ വീട്ടില്‍ നിന്നും സംഗീതം ഉയരും. അക്കാലത്തെ സംഗീത ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നു. 1965 ല്‍ സംഗീത സംവിധായകന്‍ എം.കെഅര്‍ജുനന്‍ മാസ്റ്റര്‍ ' ദേവാലയ മണികള്‍ മുഴങ്ങി ' എന്ന ആദ്യ ഗാനം തിട്ടപ്പെടുത്തിയത് ഈ വീട്ടിലിരുന്നായിരുന്നു.
ചടങ്ങിനെത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ ആ വരികള്‍ പാടുകയും ചെയ്തു. കപൂച്ചിയന്‍ ആശ്രമ വികാരി ഫാ. ക്രിസ്റ്റി ,സഹവികാരി സെബാസ്റ്റിന്‍ ,അധികാരി വളപ്പിലെ തലമുറക്കാരായ ജൊക്കി, പൊന്നന്‍ ജോസി ,റോബര്‍ട്ട് ,ജീസ് മോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."