' ഗൗരവമുള്ള വിഷയങ്ങളില്‍ കണ്ണടയ്ക്കുമെന്ന് പ്രതീക്ഷിക്കരുത് '
ന്യൂഡല്‍ഹി: മുന്നിലെ ഗൗരവമുള്ള വിഷയങ്ങളോട് തങ്ങള്‍ കണ്ണടയ്ക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബംഗാള്‍ സര്‍ക്കാരിനോട് സുപ്രിം കോടതി.
ശാരദ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ സി.ബി.ഐ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ചിന്റെ പരാമര്‍ശം.
കേസില്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ ഒഴിവാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ഹരജി തള്ളിയ സുപ്രിംകോടതി, സി.ബി.ഐയുടെ ആരോപണങ്ങള്‍ക്ക് 10 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത പൊലിസ് കമ്മിഷനര്‍ രാജിവ് കുമാറിനോട് നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി മൂന്നിന് അന്വേഷണത്തിന്റെ ഭാഗമായി രാജിവ് കുമാറിന്റെ ഓഫീസിലെത്തിയ സി.ബി.ഐ സംഘത്തെ പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസാണ് കോടതി പരിഗണിക്കുന്നത്. കേസിലെ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്ന് ഇതു സംബന്ധിച്ച് വാദിച്ച സി.ബി.ഐയോട് കോടതി വ്യക്തമാക്കി.
കോടതിയലക്ഷ്യമുണ്ടായെന്നതു സംബന്ധിച്ച അവരുടെ വാദങ്ങളെ ബലപ്പെടുത്തുന്ന തെളിവുകള്‍ സഹിതം 10 ദിവസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രിംകോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി മൂന്നിന് കൊല്‍ക്കത്തയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ തലവന്‍ ഋഷികുമാര്‍ ശുകഌയുള്‍പ്പടെയുള്ളവര്‍ പ്രത്യേകം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ കോടതി പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."