ക്രൊയേഷ്യക്ക് 'സുബ'ദിനം
നിഷ്‌നി: മുന്‍ധാരണകള്‍ക്കും പ്രവചനങ്ങള്‍ക്കുമപ്പുറത്താണ് കാല്‍പന്തു കളിയുടെ വിധിയെന്ന് ഉറപ്പിക്കുന്ന മത്സരമായിരുന്നു ഞായറാഴ്ച നടന്ന ക്രൊയേഷ്യ- ഡെന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍. അര്‍ജന്റീനയടങ്ങുന്ന മരണഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിച്ച പ്രവചനങ്ങള്‍ ഒട്ടും കുറവായിരുന്നില്ല. ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിനെയും ആസ്‌ത്രേലിയെയും സമനിലയില്‍ കുരുക്കിയിരുന്നെങ്കിലും ഡെന്‍മാര്‍ക്കില്‍നിന്ന് ഇത്തരമൊരു മുന്നേറ്റം ആരും പ്രതീക്ഷിച്ച് കാണില്ല. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൊയേഷ്യക്ക് ക്വാര്‍ട്ടറിലേക്കുള്ള സീറ്റുറപ്പിക്കാനായെങ്കിലും ഡെന്‍മാര്‍ക്കുമായുള്ള മത്സരം ഏല്‍പ്പിച്ച ആഘാതം അവര്‍ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല.
ഗോളി സുബാസിച്ചിന്റെ കരുത്തില്‍ ക്രൊയേഷ്യ വിജയതീരത്തേക്ക് പാഞ്ഞടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍മാരുടെ മികവില്‍ റഷ്യക്ക് ശേഷം ക്വാര്‍ട്ടറിലെത്തുന്ന ടീമായി ക്രൊയേഷ്യ. മത്സരം തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ക്രൊയേഷ്യന്‍ പോസ്റ്റിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ മത്യൂസ് യോര്‍ഗന്‍സന്‍ നേടിയ ഗോളിലൂടെ ഡെന്‍മാര്‍ക്ക് മുന്നിലെത്തി. ആദ്യ മിനുട്ടില്‍ തന്നെ നേടിയ ലീഡിന്റെ ആഹ്ലാദം അവസാനിക്കും മുന്‍പ് നാലാം മിനുട്ടില്‍ മരിയോ മാന്‍സൂകിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യ സമനില കണ്ടെത്തി. തുടക്കത്തില്‍ തന്നെ കിട്ടിയ ആഘാതത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനായതിലൂടെ നേടിയ ആത്മവിശ്വാസത്തില്‍ ആദ്യ പകുതി ക്രൊയേഷ്യ തകര്‍ത്തു കളിച്ചു. കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഡെന്‍മാര്‍ക്കും പൊരുതിയതോടെ ആദ്യ പകുതി അവിസ്മരണീയമായി.
മത്സരത്തിന്റെ രണ്ടാം പകുതി തീര്‍ത്തും വിരസമായിരുന്നു. പന്ത് തട്ടികളിച്ച് ഗോളടിക്കാന്‍ മറന്ന ക്രൊയേഷ്യയെയാണ് രണ്ടാം പകുതിയില്‍ മുഴുനീളെ കണ്ടത്. ഇതിനിടയില്‍ കിട്ടിയ അവസരങ്ങളുമായി ഡെന്‍മാര്‍ക്ക് താരങ്ങള്‍ ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് ഇരച്ചുകയറുകയും ചെയ്തു. എക്‌സ്ട്രാ ടൈമിലെ 116ാം മിനുട്ടില്‍ റെബിച്ചിന്റെ ഗോളെന്നുറപ്പിച്ച നീക്കം ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മോഡ്രിച്ച് പാഴാക്കിയത് ക്രൊയേഷ്യക്ക് തിരിച്ചടിയായി. മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിച്ചത് ഡെന്‍മാര്‍ക്ക് ഗോളി ഷുമൈക്കലിന്റെ ആ അത്യുഗ്രന്‍ സേവായിരുന്നു.
അത്രനേരം വിരസമായി കളി കണ്ട കാണികള്‍ക്ക് ആവേശത്തിന്റെ വിരുന്നൊരുക്കുന്നതായിരുന്നു ഷൂട്ടൗട്ട്. ഇരു ടീമുകളും ആദ്യം അടിച്ച ഷോട്ട് കീപ്പര്‍മാര്‍ തട്ടിയകറ്റിയത് കാണികളില്‍ ആവേശം കയറ്റി. ഇരു ടീമുകളുടെയും അടുത്ത രണ്ടു ഷോട്ടുകളും വലയില്‍. നാലാമത്തെ ഷോട്ടുകള്‍ ഒന്നാമത്തതിന്റെ തനിയാവര്‍ത്തനം. ആവേശം കൊടുമുടി കയറി നില്‍ക്കെ ഡെന്‍മാര്‍ക്കിന്റെ അഞ്ചാമത്തെ ഷോട്ട് എടുക്കാന്‍ വന്ന യോര്‍ഗന്‍സന്റെ ഷോട്ട് സുബാസിച്ച് തകര്‍പ്പന്‍ ഒരു സേവിങ്ങിലൂടെ തട്ടിയകറ്റി. പ്രതീക്ഷ മുഴുവന്‍ പാദങ്ങളില്‍ കൊരുത്ത് അവസാന കിക്കെടുക്കാന്‍ വന്ന റാക്കിറ്റിച്ചിന്റെ ഷോട്ട് കൃത്യമായി ഷുമൈക്കലിനെയും കടന്ന് വലയില്‍.
ആവേശം അവസാന നിമിഷം വരെ കൊണ്ടെത്തിച്ച ഷൂട്ടൗട്ടില്‍ 2-3ന് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്കായി ക്രെമറിക്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവരും ഡെന്‍മാര്‍ക്കിനായി സിമോണ്‍ കേര്‍, ക്രോണ്‍ എന്നിവരും ഗോളുകള്‍ നേടി.
സ്‌പെയിനിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ആതിഥേയര്‍ റഷ്യയായിരിക്കും ക്വാര്‍ട്ടറിലെ ക്രൊയേഷ്യയുടെ എതിരാളി. 1966ല്‍ തങ്ങളുടെ പ്രഥമ ലോകകപ്പില്‍ തന്നെ നേടിയ മൂന്നാം സ്ഥാനമാണ് ക്രൊയേഷ്യയുടെ ലോകകപ്പിലെ മികച്ച പ്രകടനം. വന്‍ നിര താരങ്ങള്‍ സമ്പത്തായുള്ള ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തുമെന്ന പ്രവചനത്തിലും അതിശയോക്തിയൊന്നുമില്ലെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്മാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."