കെ.എസ്.യു. സമരത്തിലേക്ക്
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന് ജോസഫ് പറഞ്ഞു. നഗരത്തിലെ ഏക കായിക മൈതാനമാണിത്. പ്രദേശവാസികളായ ഒട്ടനവധി ആളുകളും
സ്കൂളുകളും കായികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൈതാനിയില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമ വിരുദ്ധമാണ്. അനധികൃതമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ഇത് നഗരത്തിലെ അവസാന കളിസ്ഥലത്തിന്റെ അന്ത്യം കുറിക്കും. വിദ്യാര്‍ഥികളുടെ കായിക താത്പര്യം മുന്‍നിര്‍ത്തി നഗരസഭ ഇതില്‍ നിന്നും പിന്മാറണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്കൂള്‍ മൈതാനം കെ.എസ്.യു. ജില്ലാ ഭാരവാഹികളായ നോയല്‍ ടോമിന് ജോസഫ്, നിഖില്‍ ചിറക്കല്‍, ഹര്‍ഷിക് എസ്. ഭട്ട് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."