സഊദി സാമ്പത്തികരംഗം പ്രതീക്ഷയില്‍; വളര്‍ച്ചാനിരക്കില്‍ 1.2 ശതമാനം വര്‍ധന
റിയാദ്: ഇടവേളക്ക് ശേഷം പ്രതീക്ഷ നല്‍കി സഊദി സാമ്പത്തികരംഗം തിരിച്ചുവരുന്നു. ഇടക്കാലത്തെ മുരടിപ്പിന് ശേഷം ഈ വര്‍ഷം ആദ്യപാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം(ജി.ഡി.പി) 1.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 2017ലുണ്ടായ മുരടിപ്പിനുശേഷം സഊദി സമ്പദ്ഘടന കൈവരിച്ച പുരോഗതി എണ്ണവിലത്തകര്‍ച്ചയെ അതിജീവിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകാനും കരുത്തുപകരുന്നതാണെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു.
നാല് പാദങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ തിരിച്ചടിക്കുശേഷമാണ് മാര്‍ച്ചില്‍ അവസാനിച്ച ആദ്യപാദത്തില്‍ വീണ്ടും വളര്‍ച്ചയിലെത്തിയത്. എണ്ണമേഖലയിലും എണ്ണയിതര മേഖലയിലും ഒരുപോലെ നേടാനായ വളര്‍ച്ചയാണ് സമ്പദ്ഘടനയുടെ തിരിച്ചുവരവിന് സഹായകമായത്. എണ്ണയിതര മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികളും നയങ്ങളുമാണ് 1.6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിലേക്ക് നയിച്ചത്. 2017 ആദ്യപാദത്തില്‍ 1.3 ശതമാനമായിരുന്ന എണ്ണയിതര മേഖലയുടെ വളര്‍ച്ച. നിര്‍മാണ, മൈനിങ് മേഖലകള്‍ യഥാക്രമം 4.6, 6.3 ശതമാനം വളര്‍ച്ചയും നേടി. നാലുവര്‍ഷം മുന്‍പ് എണ്ണവില ഇടിഞ്ഞു തുടങ്ങിയതിനുശേഷം ഇപ്പോള്‍ എണ്ണവില കയറിത്തുടങ്ങിയതാണ് ഈ മേഖലക്ക് സഹായകമായത്. സഊദി വിഷന്‍ 2030 ലക്ഷ്യമാക്കി വന്‍ സാമ്പത്തിക പരിഷ്‌കരണമാണ് സഊദി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."