ആധാര്‍ കാര്‍ഡിന്‍മേലുള്ള പുതിയ ഉത്തരവ് അക്ഷയ കേന്ദ്രങ്ങള്‍ എന്റോള്‍മെന്റ് നിര്‍ത്താനൊരുങ്ങുന്നു
മാനന്തവാടി: ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് അയക്കണമെന്ന ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ പുതിയ ഉത്തരവ് അക്ഷയ കേന്ദ്രങ്ങളെ വട്ടം കറക്കുന്നു. അങ്കണവാടി, സ്‌കൂള്‍ പ്രവേശനം എന്നിവക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളില്‍ എത്തുന്നത്.
ജുലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് അയക്കണമെന്നാണ് പുതിയ ഉത്തരവ്.
നേരത്തെ തിരിച്ചറിയല്‍ രേഖകളിലെ വിവരങ്ങള്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ശേഖരിച്ച് അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോള്‍ ഏഴോളം രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇതിന് വളരെയധികം സമയം ആവശ്യമായി വരുന്നത് അപേക്ഷകരെയും അക്ഷയ കേന്ദ്രം നടത്തിപ്പുകാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. നേരത്തെ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റിന് 35 രൂപയാണ് കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്.
ഇപ്പോള്‍ ജോലിഭാരം കൂടിയിട്ടും തുക സംബന്ധിച്ച യാതൊരു അറിയിപ്പും പുതിയ ഉത്തരവില്‍ ഇല്ല. മുന്‍പ് അക്ഷയ കേന്ദ്രങ്ങളില്‍ പ്രതിദിനം ശരാശരി 50 ആധാര്‍ എന്റോള്‍മെന്റ് വരെ നടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് പത്തില്‍ താഴെയായി കുറഞ്ഞു.
ജില്ലയില്‍ 20 ഓളം അക്ഷയ കേന്ദ്രങ്ങളാണുള്ളത്. പുതിയ ഉത്തരവ് നടപ്പിലാക്കാനുള്ള കാലതാമസവും പുതുക്കിയ നിരക്ക് നിശ്ചയിക്കാത്തതിനാലും ആധാര്‍ എന്റോള്‍മെന്റ് തങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നതിനാല്‍ ആധാര്‍ എന്റോള്‍മെന്റ് നിര്‍ത്തിവയ്ക്കാനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."