കൊവിഡ്മുക്ത രാജ്യമായി ന്യൂസിലന്‍ഡ്; നൃത്തം ചെയ്ത് ജസീന്‍ഡ
വെല്ലിങ്ടണ്‍: അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡ് മുക്ത രാജ്യമായി ന്യൂസിലന്‍ഡ്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആ സമയം തന്റെ ലിവിങ് റൂമില്‍ വച്ച് താന്‍ മകളുമൊത്ത് അല്പനേരം നൃത്തം ചെയ്തുപോയെന്നും അവര്‍ വെളിപ്പെടുത്തി.
ഇന്നലെ അവസാന രോഗിയും സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങിയതോടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു.
ഇനി സാമൂഹ്യാകലമോ ഒത്തുകൂടലിനു വിലക്കോ ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം രാജ്യാതിര്‍ത്തികളിലെ നിയന്ത്രണം കര്‍ശനമായി തുടരും.
തുടര്‍ച്ചയായ 17 ദിവസം ന്യൂസിലാന്റില്‍ പുതിയ കൊവിഡ് കേസ് ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയായി ഒരു രോഗി മാത്രമാണുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50കാരി രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് സമ്പൂര്‍ണ രോഗമുക്തി നേടിയ രാജ്യമായി ന്യൂസിലന്‍ഡ് മാറിയത്.
കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാന്റ്. കൊവിഡ് കേസുകള്‍ 100ല്‍ എത്തിയപ്പോഴായിരുന്നു മാര്‍ച്ച് 23ന് 51 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ആരോഗ്യപരമായ കാര്യങ്ങള്‍ക്കും സൂപ്പര്മാര്ക്കറ്റുകളിലേക്കുമല്ലാതെ രാജ്യത്തെ പൗരന്മാരാരും പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
1,154 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂസിലാന്റില്‍ മരണം 22ല്‍ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.
രാജ്യത്ത് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റില്‍ തിങ്കളാഴ്ച വരെ 3,00,000 ടെസ്റ്റുകളാണ് നടത്തിയത്.
കൊവിഡ് മുക്തമായത് വലിയ നേട്ടം തന്നെയാണെന്നും എന്നാല്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."