മുരളീധരനോട് സഹതാപം മാത്രം, ആരാധനാലയങ്ങള്‍ തുറക്കാന്‍ പറഞ്ഞത് കേന്ദ്രം: മറുപടിയുമായി കടകംപള്ളി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. വി മുരളീധരനോട് സഹതാപം മാത്രമെന്നും മന്ത്രി പറഞ്ഞു.
ആരാധനാലയങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടര്‍ന്നാണ് കടകംപള്ളിയുടെ പ്രതികരണം.
കാര്യങ്ങള്‍ മനസിലാക്കിയിട്ടുവേണം കേരളത്തിനു മേല്‍ കുതിരകയറാന്‍. കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. പിന്നീട്, മതമേലധ്യക്ഷന്‍മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേര്‍ന്ന വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു.
കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് പാട്ട കൊട്ടാനും വിളക്ക് തെളിയിക്കാനും പറഞ്ഞപ്പോള്‍ ചെയ്തത്. ആരാധനാലയങ്ങള്‍ തുറന്നത് തെറ്റാണെങ്കില്‍ അതിന് ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അവരാണ് യഥാര്‍ത്ഥ നിരീശ്വരവാദികള്‍. അവര്‍ക്ക് അമ്പലങ്ങളോട് യാതൊരു താത്പര്യവുമില്ല. വി മുരളീധരന്‍ ചെയ്യുന്നത് ഗുരുതര കൃത്യവിലോപമാണ്. മറ്റൊരു സുവര്‍ണാവസരമായിരുന്നു മുരളീധരന്റെ ലക്ഷ്യമെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."