സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍
bതിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്നു മുതല്‍ നിലവില്‍ വരും. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10 പൈസമുതല്‍ 30 പൈസവരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ യോഗമാണ് നിരക്ക് വര്‍ധിക്കാനുള്ള തീരുമാനമെടുത്തത്.
നിരക്കുവര്‍ധന സംബന്ധിച്ച് നേരത്തേ തന്നെ കമ്മിഷന്‍ ശുപാര്‍ശകള്‍ തയാറാക്കിയിരുന്നു. 50 യൂനിറ്റ് വരെ 10 പൈസയുടെയും 100 വരെ 20 പൈസയും 100 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 1000 വാട്ട് കണക്റ്റഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂനിറ്റ് വരെ നിലവിലുള്ള സൗജന്യം തുടരും.
40 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്കും വര്‍ധന ബാധകമാവില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനും കമ്മിഷന്‍ തീരുമാനിച്ചു. ഇവര്‍ക്ക് ബി.പി.എല്‍ നിരക്കിലാണ് വൈദ്യുതി നല്‍കുക. നിലവില്‍ യൂനിറ്റിന് 2.80 രൂപ നിരക്കാണ് നല്‍കിവരുന്നത്. ഇന്നു മുതല്‍ ഇത് 1.50 രൂപക്ക് ലഭ്യമാകും.
നിരക്കു വര്‍ധനയിലൂടെ കെ.എസ്.ഇ.ബി പ്രതിവര്‍ഷം 500 മുതല്‍ 550 കോടി രൂപവരെ അധികലാഭമാണ് ലക്ഷ്യമിടുന്നത്. 100 യൂനിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം 60 മുതല്‍ 80 രൂപ വരെ ദ്വൈമാസ വൈദ്യുതി ബില്‍ തുകയില്‍ വര്‍ധനവുണ്ടാകും. കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ വര്‍ധനയില്ല. കാര്‍ഷിക വിളകള്‍ക്ക് നല്‍കിവരുന്ന കുറഞ്ഞ നിരക്ക് തുടരും. നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഇതിനു പരിഹാരം കാണാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ നിലപാട് സ്വീകരിച്ചത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ മാസം 75 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്നതായി ബോര്‍ഡ് കമ്മിഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിവര്‍ഷം 500 കോടിയിലേറെ വരുമാനവര്‍ധന ലക്ഷ്യമിട്ട് നിരക്ക് വര്‍ധിപ്പിച്ചത്.
റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ സിറ്റിങിലുണ്ടായ എതിര്‍പ്പ് പരിഗണിക്കാതെയാണ് നിരക്ക് വര്‍ധന അംഗീകരിച്ചത്. നിരക്കു വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരേ നിലവില്‍ ഹൈക്കോടതിയില്‍ ഹരജിയുണ്ട്. 2014 ലാണ് അവസാനമായി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."