സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സ്ത്രീകളെ അപമാനിക്കുന്ന ലേഖനമെഴുതിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പുപറയണമെന്നമെന്ന് കോണ്‍ഗ്രസ്. യോഗിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനെത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
'വേദശാസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഊര്ജ്ജത്തെപ്പോലെയാണത്. അതിനെ നമ്മള് അഴിച്ചുവിട്ടാലോ സൂക്ഷ്മപരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ വിനാശം വിതയ്ക്കും, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല. അവര്‍ക്ക് സംരക്ഷണവും കൃത്യമായ ഗതിനിര്ണയവുമാണ് വേണ്ടത്. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനാലും യുവത്വത്തിലായിരിക്കുമ്പോള് ഭര്‍ത്താവിനാലും വാര്‍ധക്യത്തിലെത്തിയാല്‍ മകനാലും സംരക്ഷിക്കപ്പെടേണ്ടതാണ് സ്ത്രീശക്തി. സ്ത്രീകള്‍ക്ക് സ്വതന്ത്രമാവാനോ മോചിതയാവാനോ സാധ്യമല്ല'- ലേഖനത്തില്‍ യോഗി എഴുതുന്നു.
2010 ല്‍ പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് യോഗി ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ഒന്നാമത്തെ ലേഖനമായി സൈറ്റില്‍ കാണിക്കുന്നുണ്ട്. ഇത് എപ്പോഴാണ് പ്രസിദ്ധീകരിച്ചതെന്ന തിയ്യതി സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച കോണ്‍ഗ്രസ്, മാപ്പു പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും അപലപിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം ഭാഷയ്ക്കെതിരെ യോഗിയെ ഉപദേശിക്കണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."