മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; മുന്‍ എസ്.ഐയും കൂട്ടാളിയും അറസ്റ്റില്‍
മൂവാറ്റുപുഴ: കെ.എസ്.എഫ്.ഇയില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്. മുന്‍ എസ്.ഐയും കൂട്ടാളിയും പൊലിസ് പിടിയില്‍. മുക്കുപണ്ടം പണയം വച്ച് കെ.എസ്.എഫ്.ഇ മൂവാറ്റുപുഴ ബ്രഞ്ചില്‍ നിന്നുവച്ച് 1,65,000രൂപയും തൊടുപുഴ ബ്രാഞ്ചില്‍ നിന്നു 70,000രൂപയും തട്ടിയെടുത്തിണ്ടെന്ന് പൊലിസ് പറഞ്ഞു. മുന്‍ എസ്.ഐ കോട്ടപ്പടി അയക്കാട് ചിറ്റേത്തുകൂടി സി.എം മക്കാര്‍(56), തൊടുപുഴ കാരിക്കോട് കമ്പക്കലായില് ആഷിക് എം.നാസര്‍(23) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് മക്കരെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവുജീവിതത്തില്‍ ആയിരുന്ന പ്രതി മക്കാരിനെ തന്ത്രത്തിലൂടെ കേരളത്തില്‍ എത്തിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ സമര്‍പ്പിച്ചും സി.സി.ടി.വി ഇല്ലാത്ത ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്തും ആയിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഗോവയില്‍ ചൂതാട്ടത്തിനും ആര്‍ഭാട ജീവിതത്തിനും ഉപയോഗിച്ചുവരികയായിരുന്നു. പിടിയിലായ ആഷിക് ബികോം ബിരുദദാരിയും മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലും ഇയാള്‍ ജോലി ചെയ്തിരുന്ന ഹോള്‍സെയില്‍ മരുന്ന് വ്യാപാര സ്ഥാപനം വഴി 'ഒടിയന് എന്ന പേരില്‍ ഉള്ള ലഹരിമരുന്ന് വില്പന നടത്തിയതിനും മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ ഇനിയും സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായും പൊലിസ് സംശയിക്കുന്നതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി.പറഞ്ഞു. അന്വേഷണ സംഘത്തില്‍ മുവാറ്റുപുഴ സി.ഐ നിര്‍മല്‍ ബോസ്, എസ്.ഐമാരായ ആര്. ബൈജു , രാജന്, എ.എസ്.ഐമാരായ എം.എം ഷമീര്‍, പി.കെ സലിം, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഗസ്റ്റിന് ജോസഫ്, പി.കെ ജയകുമാര്‍, ജിമ്മൊന് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."