ആളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു
മാള: ആളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും താമസിക്കുന്നതിനു വേണ്ടി നിര്‍മിച്ച നാലു ക്വാര്‍ട്ടേഴ്‌സുകളാണ് സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നത്. ആളൂര്‍ കൊടകര ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിനു സാധാരണക്കാരായ രോഗികള്‍ ദിനേന ചികിത്സ തേടിയെത്തുന്ന ആളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതിയും വ്യാപകമാണ്.
മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട സ്ഥാനത്ത് രണ്ടു ഡോക്ടര്‍മാരെ ഇവിടെ ഉണ്ടാകാറുള്ളൂ. അതില്‍ ഒരു ഡോക്ടര്‍ അവധിയെടുത്താല്‍ ചികിത്സ തേടിയെത്തുന്ന വയോധികരും കൈകുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗികള്‍ മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വരുന്നുണ്ട്.
കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങളുള്ള ഈ സാമൂഹികാ ആരോഗ്യ കേന്ദ്രത്തില്‍ ഏറെ കാലമായി ഉച്ചക്കു ശേഷം ചികിത്സയോ ഡോക്ടറുടെ സേവനങ്ങളോ ലഭിക്കുന്നില്ല. രാത്രി കാലത്തും മറ്റും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചാലക്കുടിയിലോ കൊടകരയിലോ ഉള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് ഈ പ്രദേശത്തെ ജനങ്ങള്‍.
മാള ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്കു പരിഹാരം കാണണമെന്ന് കര്‍ഷകസംഘം മാള ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രം മാള ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണെന്ന വസ്തുത മറച്ചുവച്ച് ആളൂര്‍ സാമൂഹികാ ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് കാരണം ആളൂര്‍ പഞ്ചായത്തിന്റെ പിടിപ്പു കേടാണെന്ന നിലയിലുള്ള കുപ്രാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യോഗം വിലയിരുത്തി. മുന്‍പ് ഉണ്ടായിരുന്ന മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും കിടത്തി ചികിത്സയടക്കം സേവനങ്ങള്‍ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.എസ് മൊയ്തീന്‍ അധ്യക്ഷനായി. പി.ഡി ഉണ്ണികൃഷ്ണന്‍, എ.ജെ ജോബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."