രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു 'ഒരവസരം തരൂ, അവശേഷിക്കുന്ന ജീവിതം കാസര്‍കോട്ടുകാര്‍ക്ക് '
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന്‍ ഒരവസരം തന്നാല്‍ അവശേഷിക്കുന്ന ജീവിതം കാസര്‍കോട്ടുകാര്‍ക്ക് തരാമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1978 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ട്. ഒരവസരം തന്നാല്‍ തന്റെ കഴിവുകള്‍ നാടിനുവേണ്ടി പ്രകടിപ്പിക്കാനാവും.
രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് വോട്ട് ചെയ്ത് തന്നെ കാസര്‍കോടു മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നെ വിജയിപ്പിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലം ബാലികേറാമലയല്ല. കടന്നപ്പള്ളിയും രാമറൈയും യു.ഡി.എഫ് സ്ഥാനാര്‍ഥികളായി വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് വോട്ടിങ് വ്യത്യാസം ഒരു ശതമാനം പോലുമല്ല. ഇത്തവണ ദേശീയ-സംസ്ഥാന രാഷ്ട്രീയം യു.ഡി.എഫിന് അനുകൂലമാണ്. ഞാന്‍ കാസര്‍കോടുകാരന്‍ അല്ലെന്നാണ് ഇടതുമുന്നണിയും എന്‍.ഡി.എയും പ്രചരിപ്പിക്കുന്നത്. ഈ മണ്ഡലത്തില്‍ മത്സരിച്ച എ.കെ.ജിയും ബാലാനന്ദനുമൊന്നും മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരുന്നില്ല. വന്‍ ഭൂരിപക്ഷത്തിന് ഞാന്‍ വിജയിക്കുമെന്നും ഭൂരിപക്ഷം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
15 വര്‍ഷം തുടര്‍ച്ചയായി ഒരു എം.പിയുണ്ടായിട്ടും മണ്ഡലത്തില്‍ ഉദ്ദേശിച്ച വികസനം ഉണ്ടായിട്ടില്ല. കാണിയൂര്‍ പാതയുടെ ചര്‍ച്ച തന്നെ തുടങ്ങുന്നത് ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരിക്കുമ്പോഴാണ്. കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കേണ്ട പദ്ധതികളൊന്നും തുടങ്ങിയില്ല. പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ കാര്യം തന്നെ എടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ കല്ല്യോട്ടെ രണ്ട് ചെറുപ്പക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന് അവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരിന് കാസര്‍കോട്ടെ വോട്ടര്‍മാര്‍ കണക്ക് ചോദിക്കും. പെരിയ കൊലക്കേസില്‍ അന്വേഷണ സംഘത്തെ ഇടക്കിടെ മാറ്റിയത് കൊലയാളികളെ രക്ഷപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ലെന്ന് സുബ്ബയ്യ റൈയ്ക്ക് സീറ്റ് നല്‍കാത്തതിനെ പരാമര്‍ശിച്ച് ഉണ്ണിത്താന്‍ പറഞ്ഞു. ബി.ജെ.പിയോട് സോഫ്റ്റ് കോര്‍ണറില്ല. വര്‍ഗീയതയ്‌ക്കെതിരേ അവസാന ശ്വാസം വരേ പോരാടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. സെക്രട്ടറി പി. പത്മേഷ് സംസാരിച്ചു.
'കേന്ദ്ര സര്‍വകലാശാല കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസ്'
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസായി പെരിയ കേന്ദ്ര സര്‍വകലാശാല മാറിയിരിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. അവിടെ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്. ഇപ്പറയുന്നതൊന്നും ആരോപണമല്ലെന്നും അവിടെ സന്ദര്‍ശിച്ച് അവിടുത്തെ നടത്തിപ്പ് കണ്ടാല്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."