ഓര്‍മയുണ്ടായിരിക്കണം 1967
1967-ലെ മദിരാശി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ദ്രാവിഡതരംഗം ആദ്യമായി ആഞ്ഞുവീശിയത്. അതിശക്തമായ ദ്രാവിഡമുന്നേറ്റത്തില്‍ കോണ്‍ഗ്രസിന്റെ നെടുംകോട്ടകള്‍ അപ്പാടെ തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് കാമരാജ് പടുത്തുയര്‍ത്തിയ സാമ്രാജ്യമാണ് ഒരു തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് നിലംപരിശായത്. മദിരാശി സംസ്ഥാനത്തിന് പില്‍ക്കാലത്ത് തമിഴ്‌നാട് എന്ന് പേരു വീണു. 1967ല്‍ തന്നെ ലോക്‌സഭയിലേക്കുള്ള ദേശീയ തെരഞ്ഞെടുപ്പും നടന്നു. മദിരാശി സംസ്ഥാനത്തിലെ 39 സീറ്റില്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും മൂന്ന് സീറ്റ്. ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെടുത്തിയിരുന്നു.
കേരളത്തിലാവട്ടെ, 1957-ല്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും കോണ്‍ഗ്രസ് പിന്നീട് തിരികെയെത്തി. സംസ്ഥാനത്ത് മുന്നണി രാഷ്ട്രീയം സജീവമായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണിയും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രൂപമെടുത്തു. പല പരീക്ഷണങ്ങളിലൂടെയും കടന്ന് മുന്നണി രാഷ്ട്രീയം ശക്തിപ്രാപിച്ചു. ഘടകകക്ഷികളുടെ കരുത്തില്‍ പങ്കുപറ്റി നേതൃപാര്‍ട്ടികളും നേതൃപാര്‍ട്ടികളുടെ കരുത്തില്‍ പങ്കുചേര്‍ന്ന് ഘടകകക്ഷികളും നിലനിന്നു പോന്നു. ഇതിനിടയ്ക്ക് ചെറിയ പാര്‍ട്ടികള്‍ ധാരാളം വളരുകയും തളരുകയും തകര്‍ന്നടിയുകയും ചെയ്തു.
യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് പതിവുപോലെ ഒരിക്കല്‍ കൂടി പിളര്‍ന്നു രണ്ടായി തമ്മിലടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 1967-ലെ ചരിത്രപ്രധാനമായ കോണ്‍ഗ്രസിന്റെ വീഴ്ചയെക്കുറിച്ച് വിശദീകരിച്ചത്. ആറു സംസ്ഥാനങ്ങളിലും തകര്‍ന്നടിഞ്ഞിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പിടിച്ചുനിന്നു. ഇടതുമുന്നണിയോട് പൊരുതി ഒന്നിടവിട്ടുള്ള അവസരങ്ങളില്‍ ഭരണം പിടിച്ചെടുത്തു. നിലവില്‍ ഭരണം ഇടതുമുന്നണിക്കാണെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വളരെ സജീവമാണ്. സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുഭരണത്തിലെത്താമെന്ന പ്രതീക്ഷ നേതാക്കളെയും അണികളെയും ഒരുപോലെ ആവേശഭരിതരാക്കുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം രൂക്ഷമായിരിക്കുന്നതെന്നോര്‍ക്കുക. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കുന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം എന്ന് പറയാമെങ്കിലും വിഷയം കേരളാ കോണ്‍ഗ്രസിന്റെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയാണ്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രധാന മധ്യസ്ഥന്‍ എന്ന് പറയാം. അതിനൊരര്‍ഥം കൂടിയുണ്ട്. മുന്നണിയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ല. ലീഗിന്റെ കൂടിയാണെന്നതു തന്നെ.
ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിംലീഗ്. കോണ്‍ഗ്രസുമൊത്തുള്ള ബന്ധവും ഭരണവും തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനിടയ്ക്ക് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും സംഘര്‍ഷങ്ങളും എത്ര കണ്ടിരിക്കുന്നു ലീഗ്. 1994 കാലഘട്ടത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരേ കോണ്‍ഗ്രസിലെ ആന്റണി പക്ഷം പടയൊരുക്കം തുടങ്ങിയപ്പോഴും ലീഗ് കണ്ടുനിന്നു. അന്നൊക്കെ കരുണാകരനും പി.കെ കുഞ്ഞാലിക്കുട്ടിയും ഒരു കൈയായിരുന്നു. പാണക്കാടുമായും കരുണാകരന്‍ എപ്പോഴും നല്ല ബന്ധം തന്നെ സൂക്ഷിച്ചു. എങ്കിലും പാര്‍ട്ടിക്കകത്തും ഹൈക്കമാന്റിലും പിടിവള്ളികളൊക്കെയും നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയും കരുണാകരനില്‍നിന്നകന്നു. ആ അകല്‍ച്ച കേരളം കണ്ട ഏറ്റവും ശക്തനായ കെ. കരുണാകരനെ സംബന്ധിച്ചിടത്തോളം വിനാശകരമായി. ആന്റണി പക്ഷത്തോടൊപ്പം കരുണാകരനെ താഴെയിറക്കാന്‍ ലീഗും കൂടി. പിന്നില്‍ ചരടുവലിച്ചത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. കരുണാകരനോടൊപ്പം ചേര്‍ന്നുനിന്നിരുന്ന ടി.എം ജേക്കബ് പോലും ആന്റണി പക്ഷത്തോട് ചേര്‍ന്നു. ആര്‍. ബാലകൃഷ്ണപിള്ളയും. കരുണാകരനോടൊപ്പം നിന്നത് എം.വി രാഘവന്റെ നേതൃത്വത്തില്‍ സി.എം.പിയും പി.കെ നാരായണ പണിക്കരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസും.
കരുണാകരനെ കോണ്‍ഗ്രസുകാര്‍ തന്നെ താഴെയിറക്കിയതും പകരം എ.കെ ആന്റണി മുഖ്യമന്ത്രിയായതും സമകാലിക രാഷ്ട്രീയ ചരിത്രം. കരുണാകരന്‍ മുന്‍കൈയെടുത്ത് നേതൃത്വം നല്‍കി വളര്‍ത്തിയെടുത്ത യു.ഡി.എഫിന്റെ അമരത്തേയ്ക്ക് ഉമ്മന്‍ചാണ്ടി എത്തി. കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പം ചേര്‍ന്നു. ഈ മൂവര്‍സംഘമായി, യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മുന്നണി നേതൃത്വത്തിന്റെ ആണിക്കല്ലുകള്‍.
കെ.എം മാണിയുടെ മരണത്തോടെ യു.ഡി.എഫ് നേതൃത്വത്തില്‍ വിടവുണ്ടായി. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ നേതൃസ്ഥാനങ്ങളില്‍ നിന്നൊഴിഞ്ഞു. മാണി ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസിന്റെ പൈതൃകം അവകാശപ്പെട്ട നേതാവായ ജോസ് കെ. മാണിക്കാവട്ടെ, പിതാവിന്റെ മുന്നണി സ്ഥാനത്തെത്താനുമായില്ല. പ്രായംകൊണ്ടും പരിചയംകൊണ്ടും മൂപ്പുള്ള പി.ജെ ജോസഫ്, മുന്നണി നേതാക്കളുമായി അടുത്ത് ഇടപഴകുകയും തന്റെ പ്രസക്തി ഉറപ്പാക്കുകയും ചെയ്തു. ഇതാണ് ജോസ് കെ. മാണിക്ക് തലവേദനയായിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് തട്ടകമായ കോട്ടയത്ത് ഒരു പ്രശ്‌നംകൂടിയുണ്ട്. പണ്ട് പി.ടി ചാക്കോയോട് കോണ്‍ഗ്രസ് കാട്ടിയ അനീതിയുടെ പേരില്‍ രൂപംകൊണ്ട കേരളാ കോണ്‍ഗ്രസ് എപ്പോഴും കോണ്‍ഗ്രസ് സംസ്‌കാരമുള്ളവര്‍ തന്നെയാണ്. കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനമുള്ള പ്രദേശങ്ങളായ കോട്ടയം, ഇടുക്കി ജില്ലകള്‍ കോണ്‍ഗ്രസിന്റെയും പ്രിയപ്പെട്ട തട്ടകം തന്നെ. 1986-ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചു വലിയ നേട്ടം കൊയ്‌തെടുത്ത കേരളാ കോണ്‍ഗ്രസിന് അന്നത്തെ പ്രതാപം തീരെയില്ലെങ്കിലും രാഷ്ട്രീയ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുവാമട്ടെ കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. സ്വാഭാവികമായും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ ഈ മേഖലയില്‍ സംഘര്‍ഷം പതിവാണ്. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പ്രവര്‍ത്തന കേന്ദ്രമായ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് അങ്ങനെയങ്ങ് വളരുന്നത് കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടമല്ല തന്നെ. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിനെ കഴിയുന്നിടത്തൊക്കെ കൊച്ചാക്കാനും ക്ഷയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കും.
ഈ ചിന്തകള്‍ക്കിടയിലാണ് രണ്ടിലൊരു കേരളാ കോണ്‍ഗ്രസ് വിഭാഗം മുന്നണിവിട്ടു ഇടതു പാളയത്തിലേക്ക് പോവുമെന്ന വാര്‍ത്ത വരുന്നത്. തല്‍ക്കാലം പി.ജെ ജോസഫിന് അത്തരം താല്‍പര്യമൊന്നുമില്ലെന്നു തന്നെയാണ് സൂചന. അപ്പോള്‍ ജോസ് കെ. മാണിക്കോ? സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യത്തിനു ചൂണ്ട എറിഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി ഇനി വികസിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം അവിടെത്തന്നെ ഉയരുന്നുമുണ്ട്. രാജ്യത്ത് ബി.ജെ.പി പിടിമുറുക്കുകയും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ നോക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന കേരളത്തില്‍ സൂക്ഷിച്ചു രാഷ്ട്രീയം കളിക്കണമെന്ന് അവര്‍ക്ക് നന്നായറിയാം. മുന്നണി രാഷ്ട്രീയംകൊണ്ട് കോണ്‍ഗ്രസാണ് ഏറെ പ്രയോജനം നേടിയിട്ടുള്ളതെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. പക്ഷെ, ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ട് കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ കോണ്‍ഗ്രസിന് എത്രകണ്ട് ശക്തമായി ഇടപെടാനാവും? എന്നാല്‍,ദേശീയ രാഷ്ട്രീയം കോണ്‍ഗ്രസിനെ വല്ലാതെ ദുര്‍ബലപ്പെടുത്തിയിരിക്കുന്ന ഈ കാലത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യം തന്നെയാണ്. ഘടകകക്ഷികളുടെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."