ചികിത്സതേടി ഓടിത്തളര്‍ന്ന്, ഒടുവില്‍ മരണം
ന്യൂഡല്‍ഹി: കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയയാള്‍ മരിച്ചു.
42കാരന്റെ മരണത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിന്റെ എല്ലാ ലക്ഷണങ്ങളുമായി തലസ്ഥാനത്തെ അഞ്ചിലേറെ ആശുപത്രികളില്‍ ചികിത്സതേടിയെത്തിയിട്ടും ചികിത്സ നിഷേധിച്ചതോടെയാണ് രോഗിയെയും കൊണ്ട് കുടുംബം മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയിലെത്തിയിരുന്നത്. 800 കിലോമീറ്ററിലേറെ സഞ്ചരിച്ച് ഇവിടെയെത്തിയതിനു പിന്നാലെ രോഗി മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇയാള്‍ക്കു കടുത്ത പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഇയാളുടെ മരണം അറിഞ്ഞതോടെ ഡല്‍ഹിയിലുള്ള ഭാര്യയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും 15കാരിയായ മകള്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ലാല്‍ബഹാദൂര്‍ ശാസ്ത്രി ആശുപത്രി അധികൃതര്‍ ഇവര്‍ക്കും ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് ഇവരെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡല്‍ഹിയിലെ ആശുപത്രികളില്‍നിന്നു രോഗികളെ മടക്കുന്നുവെന്ന ആരോപണം ശക്തിപ്പെടവേയാണ് ഈ സംഭവം. നേരത്തെ, തദ്ദേശീയര്‍ക്കു മാത്രം വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുകയും ലഫ്റ്റനന്റ് ഗവര്‍ണര്‍ പിന്നീട് ഇതു റദ്ദാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."