പാലക്കാട് - പൊള്ളാച്ചി റെയില്‍ പാതയില്‍ മധുര സര്‍വീസ് കടലാസിലൊതുങ്ങുന്നു
പാലക്കാട്: പാലക്കാട്ടു നിന്നും പൊള്ളാച്ചി വഴി മധുരയിലേക്ക് സ്ഥിരം ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ പാലക്കാട്-മധുര ഡിവിഷനിലെ ഉന്നതാധികാരികള്‍ കനിയണം. നിലവില്‍ മധുരയില്‍ നിന്ന് പാലക്കാട് ജങ്ഷന്‍ വരെ ബ്രോഡ്‌ഗേജ് ലൈന്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പൊള്ളാച്ചി - പോത്തനൂര്‍ ലൈനില്‍ നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. മധുര മുതല്‍ പൊള്ളാച്ചിവരെ മധുര ഡിവിഷന്റെ കീഴിലും പൊള്ളാച്ചി-പാലക്കാട്, പൊള്ളാച്ചി-പോത്തന്നൂര്‍ പാലക്കാട് ഡിവിഷന്റെ കീഴിലുമാണുള്ളത്. പൊള്ളാച്ചി-പോത്തന്നൂര്‍ ബ്രോഡ്‌ഗേജ് ലൈന്‍ പൂര്‍ത്തിയാവാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ജോലികള്‍ അപൂര്‍ണമാണെന്നാണ് കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുമൂലമാണ് പാലക്കാടു നിന്നും നാമമാത്രമായി പൊള്ളാച്ചിയിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. അമൃത എക്‌സ്പ്രസ് പാലക്കാടു നിന്നും പഴനിയിലേക്ക് നീട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഇതും ഉപേക്ഷിച്ച മട്ടാണ്. ആയിരം കോടിയിലധികം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായ പാലക്കാട്-മധുര ബ്രോഡ്‌ഗേജ് ലൈനില്‍ സര്‍വീസ് പുനരാരംഭിക്കാതെ നോക്കുകുത്തിയായി നിലകൊള്ളുകയാണ്.
മധുരയില്‍നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്ന ട്രെയിനുകള്‍ പാലക്കാട്ടേക്ക് നീട്ടുന്നതു തടയാന്‍ തമിഴ്‌നാട് ലോബികള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. എന്നാല്‍ പാലക്കാട്ടെ ജനപ്രതിനിധികള്‍ നിര്‍മാണം പൂര്‍ത്തിയായ ലൈനില്‍ വണ്ടി ഓടിക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുന്നത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും പൊള്ളാച്ചിയിലെത്തുന്ന ട്രെയിന്‍ ദീര്‍ഘനേരം വെറുതെ കിടക്കുകയാണ്. ഈ വണ്ടിയെ പാലക്കാട്ടേക്ക് നീട്ടണമെന്ന പാലക്കാടന്‍ ജനതയുടെ ആവശ്യവും തഴഞ്ഞ മട്ടാണ്. പാലക്കാട്ടു നിന്നും എറണാകുളത്തേക്കുള്ള മെമു സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവുന്നുണ്ട്. ഇതിന് സമാനമായി പാലക്കാടുനിന്ന് മധുരയിലേക്ക് മെമു സര്‍വീസ് തുടങ്ങണമെന്നതും യാത്രക്കാരുടെ ആവശ്യങ്ങളിലൊന്നാണ്.
പാലക്കാട്-മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയാല്‍ മധുരയിലേക്ക് മെമു സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. മീറ്റര്‍ ഗേജ് ലൈന്‍ നിലവിലുണ്ടായിരുന്നപ്പോള്‍ പാലക്കാടു നിന്നും രാമേശ്വരം വരെ അഞ്ചു വണ്ടികള്‍ സര്‍വീസ് നടത്തിയിരുന്നു. പഴനി, ഏര്‍വാടി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. പാലക്കാട്-മധുര ബ്രോഡ്‌ഗേജ് ലൈന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതില്‍ ദീര്‍ഘദൂര സഞ്ചാരത്തിന് ലഭിച്ചിരുന്ന സൗകര്യം ഇല്ലാതായതിലുള്ള മനപ്രയാസത്തിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."