വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പതിനേഴുകാരനെയാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തിട്ടുള്ളത്. ഇയാളുടെ പേരുവിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. രണ്ടു പെണ്‍കുട്ടികളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
ഇതോടുകൂടി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാംപള്ളം കല്ലങ്കാട് സ്വദേശികളായ വി. മധു (27), എം. മധു(27), ചേര്‍ത്തല സ്വദേശിയും ട്യൂഷന്‍ മാസ്റ്ററുമായ പ്രദീപ്കുമാര്‍, അച്ഛന്‍ ഷാജിയുടെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു (43) എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്.
അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13), ശരണ്യയും(ഒന്‍പത്) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഹൃതിക ജനുവരി 13നും ശരണ്യയെ ഈ സംഭവത്തിനു ശേഷം 52ാമ ത്തെദിവസവുമാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ നിര്‍മാണം നടക്കുന്ന വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരേയും തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പൊലിസിനു നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആദ്യമരണത്തിലെ പൊലിസ് അന്വേഷണ വീഴ്ചകളും നിലപാടുകളുമാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാലു പേര്‍ നേരത്തെ അറസ്റ്റിലായത്. രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. അതേസമയം പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പൊലിസിനും ഇതുവരേയും തെളിവുകള്‍ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കവെയാണ് ഇന്നലെ അയല്‍വാസിയായ പതിനേഴുകാരനും പൊലിസ് വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."