സ്വകാര്യ മില്ലുകാരുടെ അനാസ്ഥ; രണ്ടാഴ്ചയായി അരിമ്പൂര്‍-രജമുട്ട് കോള്‍പടവില്‍ നെല്ല് കെട്ടിക്കിടക്കുന്നു
അന്തിക്കാട്: കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അരിമ്പൂര്‍ രജമുട്ട്-കോള്‍പടവില്‍ ക്വിന്റല്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്നും നെല്ല് വാങ്ങിയ സ്വകാര്യ മില്ലുകാരുടെ അനാസ്ഥയാണ് പ്രശ്നത്തിനു കാരണം. കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും മില്ലുകാര്‍ നെല്ല് കൊണ്ടുപോകാത്തത് കര്‍ഷകരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ് വാങ്ങുന്ന നെല്ല് അവര്‍ സ്വകാര്യ മില്ലുകാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പൊരിവെയിലില്‍ കോള്‍പാടത്ത് രണ്ടാഴ്ചയോളം നെല്ല് കെട്ടി കിടന്നാല്‍ തൂക്കത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യാനാണ് മില്ലുകാരുടെ ലക്ഷ്യമെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഒരു കിലോ നെല്ലിന് 25.30 രൂപയാണ് വില. കൊയ്ത്തുയന്ത്രത്തിന് ഒരു മണിക്കൂറിന് 1770 രൂപയാണ് കൂലി. 210 ഏക്കറില്‍ ഉമ നെല്‍വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്.
നല്ല വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇനിയും നെല്ല് കെട്ടി കിടന്നാല്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകും. പാടശേഖര സമിതിയുടെ അനാസ്ഥയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. മഴ പെയ്താല്‍ നെല്ല് മുഴുവന്‍ നശിക്കുമെന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്. പാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് ഉടന്‍ കൊണ്ടുപോകാന്‍ മില്ലുകാര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."