തായ്ലന്ഡ് ഗുഹയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
ബാങ്കോക്ക്: തായ്ലന്ഡില് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ കളിക്കാരായ കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ അവസാനിച്ച ശേഷമേ ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ചെളിയും വെള്ളവും പൂര്‍ണമായി നീങ്ങാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ദുഷ്കരമായി തുടരുകയാണ്. നേരത്തെ ഗുഹക്കകത്തെ വെള്ളം വന്‍ കുതിരശക്തിയുള്ള മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴിവാക്കിയെങ്കിലും മഴ കനത്തതോടെ ഗുഹയില്‍ വീണ്ടും വെള്ളം നിറഞ്ഞിരുന്നു. സമാന്തര തുരങ്കപാതയുണ്ടാക്കി നടത്തിയ രക്ഷാപ്രവര്‍ത്തനവും വിജയം കണ്ടില്ല.
ഗുഹയിലെ പാതകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഉള്ളില്‍ അകപ്പെട്ടവരെ മുങ്ങാംകുഴിയിടാന്‍ പരിശീലിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം.
ഏകദേശം നാല് മാസത്തേക്ക് പിടിച്ച് നില്‍ക്കാനുള്ള ഭക്ഷണവും സാധനങ്ങളും ഗുഹയ്ക്കുള്ളിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ ഫോട്ടോയും വീഡിയോകളും പ്രത്യേക സംവിധാനത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. ഇവര്‍ മാതാപിതാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു.
കാത്തിരിപ്പിന്റെ പത്താം നാളിലാണ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനെയും ജീവനോടെ കണ്ടെത്തിത്. കഴിഞ്ഞയാഴ്ച പത്തു കിലോ മീറ്റര്‍ നീളമുള്ള ഗുഹയിലാണു സംഘം കുടുങ്ങിയത്. തായ്ലന്ഡിലെ ഏറ്റവും വലിയ ഗുഹയാണിത്. ആയിരത്തോളം തായ് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാനായി യു.എസ്, ബ്രിട്ടന്, ആസ്ത്രേലിയ, ചൈന, ജപ്പാന് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."