HOME
DETAILS

കൂടുതല്‍ വിനയാന്വിതരാവാന്‍ നിര്‍ബന്ധിക്കുന്ന കാലം

  
backup
June 10 2020 | 07:06 AM

td-ramakrisnan-talk-with-prashob-saklyam-2020

 

'വന്ദനം സനാതനാനുക്ഷിണ- 
വികസ്വര, സുന്ദര പ്രപഞ്ചാദി-
കന്ദമാം പ്രഭാവമേ'

മനുഷ്യ സമൂഹം ഇതുവരെ ആര്‍ജ്ജിച്ചു എന്നു വിശ്വസിക്കുന്ന കാര്യങ്ങളൊക്കെ ഈ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതക്കും അപാരതക്കും സൂക്ഷ്മതയ്ക്കും മുന്നില്‍ വളരെ നിസാരമാണ് എന്ന ബോധോദയത്തിന്റെ ഒരു കാലം വന്നിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ നിന്നും ചില കാര്യങ്ങളൊക്കെ പറഞ്ഞു തുടങ്ങാമല്ലോ?

തീര്‍ച്ചയായും. മനുഷ്യസമൂഹത്തെ വല്ലാതെ പിടിച്ചു കുലുക്കുന്ന ഒരു ഭീകരാവസ്ഥയാണ്. ഇതിനെ എങ്ങനെ നേരിടണം എന്നറിയാതെ ലോകജനത തന്നെ വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ഇതിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ വിജയം നേടി എന്ന് അവകാശപ്പെടാന്‍ കഴിയുകയില്ല. എങ്കില്‍പ്പോലും അതിനെ കുറിച്ച് നടത്തുന്ന ഗവേഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അത്ര ചെറുതാണ് എന്നല്ല ഞാന്‍ പറയുന്നത്.
മനുഷ്യന്‍ അവന്റെ അറിവും അനുഭവവും വെച്ച് പരമാവധി എല്ലാ ശക്തികളോടും കൂടിത്തന്നെ ഈ വൈറസിനെതിരെ പോരാടുവാന്‍ തീവ്രശ്രമം നടത്തി വരുന്നുണ്ട്. എന്നാല്‍ നമ്മുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അപ്പുറത്തേക്ക് ഇതിന്റെ വ്യാപ്തിയും ഭീകരതയും എത്തുന്നതാണ് കാണുന്നത്.
മനുഷ്യവംശം ഇത്രയും കാലം ആര്‍ജ്ജിച്ച അറിവും കഴിവും എല്ലാം ഈയൊരു സൂക്ഷ്മജീവിയുടെ മുന്നില്‍ നിസ്സാരമായിപ്പോകുന്ന വളരെ ക്രൂരമായ ഒരു യാഥാര്‍ത്ഥ്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇത് വലിയൊരു തിരിച്ചറിവിന്റെ കൂടിയൊരു കാലമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
മനുഷ്യന്‍ എന്നു പറയുന്ന നമ്മളെല്ലാവരും ഉള്‍പ്പെടുന്ന ജന്തുവിഭാഗം ഈ വലിയ പ്രപഞ്ചത്തില്‍ എത്രയോ നിസ്സാരമാണ്; അതിന്റെ അനന്തതയിലും അതിന്റെ വ്യാപ്തിയിലും അതുപോലെ സൂക്ഷ്മതയിലും.
നോക്കൂ, വളരെ ചെറിയൊരു വൈറസാണ് മനുഷ്യകുലത്തെയാകമാനം; നമ്മുടെ ലോകത്തെ അതെത്ര ചെറുതാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ആകമാനം വിറപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് നാം പ്രകൃതിയോടും പ്രപഞ്ചത്തോടും കൂടുതല്‍ വിനയാന്വതരാവാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു കാലം. നമ്മുടെ അറിവോ അല്ലെങ്കില്‍ മനുഷ്യ സമൂഹം ഇതുവരെ ആര്‍ജ്ജിച്ചു എന്നു വിശ്വസിക്കുന്ന കാര്യങ്ങളൊക്കെ ഈ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതക്കും അപാരതക്കും സൂക്ഷ്മതയ്ക്കും മുന്നില്‍ വളരെ നിസാരമാണ് എന്ന ബോധോദയത്തിന്റെ ഒരു കാലം സംജാതമായിരിക്കുന്നു എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. അത് മാനവ കുലത്തെ മൊത്തത്തില്‍ ചിന്തിപ്പിക്കാനും വിനയത്തോടുകൂടി പ്രപഞ്ചത്തെ സമീപിക്കാനും ഉള്ള ഒരു വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.
മഹാകവി ജി. ശങ്കരക്കുറുപ്പ് 'വിശ്വദര്‍ശന'ത്തില്‍ പറഞ്ഞതുപോലെ-
'വന്ദനം സനാതനാനുക്ഷിണ-
വികസ്വര, സുന്ദര പ്രപഞ്ചാദി-
കന്ദമാം പ്രഭാവമേ'
എന്ന് പ്രപഞ്ചത്തിന്റെ മുന്നില്‍ നമ്മള്‍ തൊഴുതുനില്‍ക്കേണ്ടി വരും. അതായത് നമ്മുടെ ആര്‍ജ്ജിത വിജ്ഞാനം എന്നു പറയുന്നത് വലിയ കടലില്‍ നിന്ന് കോരിയെടുത്ത കൈക്കുടന്നയിലെ ഒരു തുള്ളി ജലം മാത്രമാണ്. നമ്മളൊക്കെ തൊട്ടുനോക്കിയിട്ടുള്ളതിന്റെ എത്രയോ എത്രയോ അപ്പുറത്താണ് പ്രപഞ്ചം എന്ന വലിയൊരു യാഥാര്‍ത്ഥ്യം. അതു നമ്മെ വീണ്ടും പഠിപ്പിക്കാനെത്തിയിരിക്കുകയാണ് നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാന്‍ പോലും സാധിക്കാത്തത്ര അതിസൂക്ഷ്മ ജീവിയായ വൈറസുകള്‍. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.

ഇന്ത്യയൊന്നാകെ സമരങ്ങളുടെ കാഹളധ്വനി ഉയര്‍ന്നു തുടങ്ങിയ ഒരു സമയത്താണല്ലോ ലോകമൊന്നാകെ ഇത്തരത്തില്‍ ഒരു ഭീകരാവസ്ഥയുണ്ടായത്. ആ മുദ്രാവാക്യത്തിന്റെ അലയൊലികള്‍ ഇപ്പോഴും നമുക്ക് ചുറ്റും തങ്ങിക്കിടക്കുകയാണല്ലോ?

മനുഷ്യനെ പരസ്പരം വിഘടിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കുന്ന അതേ ആര്‍ജ്ജവത്തോടെ നമ്മള്‍ പ്രതിരോധിക്കേണ്ട നിഷ്ഠൂരമായ ചില ആശയ സംഹിതകള്‍ കൂടി ഇതിനിടയില്‍ പടര്‍ന്നു പിടിക്കുന്നത് നാം അറിയണം. അതിലൊന്നാണ് തൊട്ടുമുന്‍പെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പൗരത്വ നിയമ ഭേദഗതി. മനുഷ്യനെ വിഘടിപ്പിക്കാനും ഇല്ലാതാക്കാനും സ്വസ്ഥജീവിതത്തെ താറുമാറാക്കാനും മാത്രം ശക്തിയുള്ള വൈറസുകളെ അടക്കം ചെയ്തിട്ടുള്ള ഒരു നിയമം.
ഒരു മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയിലുള്ള മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും വംശീയതയുടെയും പേരില്‍ വിഘടിപ്പിക്കുന്ന ഈ നിയമം കൊണ്ടുവരുന്നതിലൂടെ ജനാധിപത്യ രാജ്യത്തെ സര്‍ക്കാര്‍ എന്ന നിലയില്‍ സര്‍ക്കാറിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണകൂടം അത് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വേര്‍തിരിവുകള്‍ക്കെല്ലാമപ്പുറത്ത് മനുഷ്യനെ ഒന്നായിട്ട് കാണാനും പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ഒരു തലത്തിലേക്ക് പോകാനുമാണ് ശ്രമിക്കേണ്ടത്. അതിനുള്ള ഉള്‍ക്കാഴ്ചയും പ്രവര്‍ത്തനരീതിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് ഞാന്‍; ആഗോള തലത്തില്‍ തന്നെ. ഭരണാധികാരികള്‍ സ്വാഭാവികമായും അതിന്റെയൊരു ഭീകരത തിരിച്ചറിഞ്ഞ് അവരുടെ കാര്‍ക്കശ്യങ്ങളില്‍ നിന്നും വിദ്വേഷങ്ങളില്‍ നിന്നും അധികാരോന്മാദങ്ങളില്‍ നിന്നും പിന്മാറും എന്നു തന്നെ കരുതുന്നു. പക്ഷെ, അദൃശ്യമായ ഒരു പ്രതിഭാസം മര്‍ത്യ കല്‍പ്പനകളെ കാര്‍ന്നു തിന്നുന്ന ഈ കാലത്ത് ലോകം തന്നെ ഒരു വലിയ തിരിച്ചറിവിലേക്ക് എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും പഴയ നിലപാടുകളില്‍ മാറ്റം വരുത്താന്‍ നമ്മുടെ സര്‍ക്കാറും സന്നദ്ധമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മികച്ച ജോലിയും സാമ്പത്തികമായ അടിത്തറയും മാത്രം ലക്ഷ്യമാക്കിയുള്ള ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൈമോശം വന്നുപോയ മൂല്യങ്ങളെക്കുറിച്ച് പറയാമോ?

പണം സമ്പാദിക്കുക എന്നത് ഒരു മോശപ്പെട്ട കാര്യമായിട്ട് കാണേണ്ടതില്ല. അത് ഭാരത സംസ്‌കാരത്തില്‍ ത്യാഗത്തിനെ വലിയ മഹത്വമുള്ള ഒരു കാര്യമായിട്ട് ഭാരതീയര്‍ പരിഗണിക്കുന്നതുകൊണ്ട് തോന്നുന്ന കാര്യമാണ്. മനുഷ്യന്‍ ഒരു ഭൗതിക ജീവിതം നയിക്കുമ്പോള്‍ അതിന്റെ പരമാവധി സൗകര്യങ്ങളും നേട്ടങ്ങളും സാധ്യതകളും ഉപയോഗിക്കാനായിട്ട് പരിശീലിക്കുക എന്നതിനു തന്നെയാണ് വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും. അതുമാത്രമല്ല, മനുഷ്യ ജീവിതത്തിന്റെ നിലവിലുള്ള ആത്യന്തികമായ ലക്ഷ്യം അവന്റെ ഭൗതിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചില പുസ്തകങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങളോടുള്ള മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും അവസാനിക്കുന്നില്ല. കൂടുതല്‍... കൂടുതല്‍... കൂടുതല്‍... മെച്ചപ്പെട്ട ഒരു മേഖല, കൂടുതല്‍ സൗകര്യങ്ങള്‍... അതാണ് മനുഷ്യ വംശത്തെയാകെ ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നത്. അതാണ് ചാലകശക്തി. ആ നിലക്ക് സ്വാഭാവികമായും വിദ്യാഭ്യാസം പണം സമ്പാദിക്കാനുള്ള ലക്ഷ്യത്തില്‍ അതിന്റെ മൂല്യം നഷ്ടപ്പെട്ടു എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് ചില കാര്യങ്ങളോട് പുലര്‍ത്തുന്ന ധാരണകളെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിലൊന്ന്, പാശ്ചാത്യ ഫിലോസഫികളെ മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യം നിര്‍ണയിക്കേണ്ടത് എന്ന ചിന്താധാരയില്‍ നിന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും പ്രായോഗികമല്ലാത്ത സൂഫിസത്തോടും ആത്മീയസങ്കല്‍പ്പങ്ങളോടും ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയെ വലിയ തെറ്റായി തോന്നുന്നത്. ഇഹലോക ജീവിതത്തില്‍ ഭൗതിക കാര്യങ്ങള്‍ക്ക് വന്‍ പ്രാധാന്യമുള്ള ഒരു കാലത്ത് നമുക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആ രീതിയില്‍ ഉയരണമെങ്കില്‍ പണം ഒരു വലിയ ഘടകമാണ് എന്നിരിക്കെ പണത്തിന് വിദ്യാഭ്യാസത്തില്‍ വലിയ പ്രാധാന്യം കൊടുക്കാതെ ലാളിത്യത്തെ, ത്യാഗത്തെ, സ്‌നേഹത്തെ ഒക്കെ മുന്‍നിര്‍ത്തി ഒരു ആദര്‍ശരൂപീകരണം സംഭവിക്കുമ്പോള്‍ അതുമായിട്ടുള്ള ഒരു സംഘര്‍ഷത്തില്‍ നിന്നാണ് നമുക്കങ്ങനെ തോന്നുന്നത്.

വിദ്യാഭ്യാസം മോശമാകുന്നുവെന്നോ സമൂഹത്തിന്റെ മൂല്യബോധം നഷ്ടപ്പെടുന്നുവെന്നോ സമൂഹം ഒരു വലിയ അപകടത്തിലേക്ക് പോകുന്നുവെന്നോ മനുഷ്യവംശം ആത്മീയ ബോധത്തില്‍ നിന്നും അകലുന്നുവെന്നോ നമ്മള്‍ ആകുലപ്പെടുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഹോമോസാപ്പിയന്‍ എന്ന ജന്തു വിഭാഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ആ കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഒരു ചാലകശക്തിയായി ഇവിടെ നിലനില്‍ക്കുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍, കൂടുതല്‍ ആഗ്രഹങ്ങള്‍... ഇതൊക്കെ നേടുക എന്ന ഉദ്ദേശം തന്നെയാണ്. അതുകൂടി ചേര്‍ത്തുവെച്ചുകൊണ്ടുവേണം ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കാന്‍.

വിദ്യാഭ്യാസം എന്നു പറയുന്നത് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു തന്നെയാണ്. പത്തു നൂറു കൊല്ലം മുമ്പുണ്ടായിരുന്ന ഒരു വിദ്യാഭ്യാസമോ വിദ്യാഭ്യാസ സമ്പ്രദായമോ അല്ല ഇന്നുള്ളത്. അങ്ങനെ വേണം എന്നു വാശി പിടിക്കുകയും വേണ്ട. ഒരു അഞ്ചോ പത്തോ കൊല്ലം മുമ്പുള്ള വിദ്യാഭ്യാസ രീതി തന്നെ പാടെ മാറിയിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ മനുഷ്യനുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും മാറുന്നതാണ് നാം കാണുന്നത്. ത്യാഗം, നേട്ടം, സ്വാര്‍ത്ഥത, ആര്‍ത്തി ഇതൊക്കെയും മനുഷ്യ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നത്തെ കാലത്ത് അതില്ല എന്ന് വളരെ തന്ത്രപൂര്‍വം മറച്ചുവെച്ചുകൊണ്ട് ഒരു വിദ്യാഭ്യാസത്തിന്റെ ആവശ്യം ഇന്നില്ല. അപ്പോള്‍ മറച്ചുവെക്കലുകള്‍ കുറഞ്ഞ് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ വരുന്നു എന്നതാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത. അത് തെറ്റായിട്ടോ ശരിയായിട്ടോ വ്യാഖ്യാനിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. ഒരു യാഥാര്‍ത്ഥ്യമാണത്.

കേരളത്തിന്റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മലയാള ഭാഷയുടെ പരിമിതികള്‍ ഒരു തടസമായി മാറുന്നതായി തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. മലയാളം ലോകത്തെ പ്രധാനപ്പെട്ട ഭാഷകളില്‍ ഒന്നു തന്നെയാണ്. സംസാരിക്കുന്നവരുടെ സ്ഥാനത്തില്‍ ഇരുപത്തി രണ്ടാമത്തെ സ്ഥാനമുണ്ട്. എന്നാല്‍ അതിന് സാങ്കേതികമായ തലത്തില്‍ മറ്റു ചില കാര്യങ്ങളിലൊക്കെ പരിമിതിയുണ്ട് എന്ന കാര്യത്തില്‍ യാഥാര്‍ത്ഥ്യമുണ്ട്. മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷകളും സാഹചര്യത്തിനും കാലത്തിനും അനുസൃതമായി നവീകരിച്ചും കൂടിച്ചേര്‍ന്നും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഏതൊരാളും ചിന്തിക്കുന്നത് അവന്റെ മാതൃഭാഷയിലാണ്. ആ മാതൃഭാഷയില്‍ ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ വിദ്യാഭ്യാസവും പരീക്ഷകളുമെല്ലാം അതേ ഭാഷയില്‍ ആകുമ്പോഴാണ് അവന് ഏറ്റവും നല്ല രീതിയില്‍ തന്റെ അറിവ് പ്രകാശിപ്പിക്കാന്‍ കഴിയുകയുള്ളൂ. അത്തരത്തിലുള്ള സമരങ്ങളുടെ ഒരു പശ്ചാത്തലം അതാണ്. ആ സമരത്തിന് അനുകൂലമായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങളുണ്ടാകുന്നതും വളരെ സന്തോഷമുള്ള കാര്യമാണ്. അത്തരം കാര്യങ്ങള്‍ പ്രായോഗികമാക്കുമ്പോള്‍ സ്വാഭാവികമായുള്ള ചില തടസങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകാം. സാങ്കേതികമായുള്ള പരിമിതികള്‍ അതിലൊന്നാണ്. എന്നാലും വഴിയേ അതൊക്കെ മറികടന്ന് നാം മുന്നോട്ടുപോകുക തന്നെ ചെയ്യും. അല്ലെങ്കില്‍ മുന്നോട്ടു പോകണം. മലയാളികളായ നമ്മള്‍ ഓരോരുത്തരും 'ഇത് നമ്മുടെ ഭാഷയാണ്' എന്ന അടിയുറച്ച ബോധത്തോടുകൂടി എഴുതാനും വായിക്കാനും പറയാനും ഉപയോഗിക്കേണ്ടതാണ്. ആ ബോധത്തിലെത്തുന്നതാണ് ഏറ്റവും പ്രധാനം. മലയാളിക്ക് മലയാള ഭാഷയോട് ഒരു ആഭിമുഖ്യവും അഭിമാനബോധവും ഉണ്ടാകുകയും മറ്റു ഭാഷക്കാര്‍ അവരുടെ ഭാഷയില്‍ ഇടപഴകുന്നതുപോലെ മലയാളിക്കും അത്തരത്തില്‍ അഭിമാനബോധം ഉണ്ടായാല്‍ മറ്റെല്ലാ കാര്യങ്ങളും അതോടൊപ്പം സംഭവിക്കുന്നതാണ്. കാലക്രമേണ അത് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരുന്നതുമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും ഞാനൊരു മലയാളിയാണെന്നു പറയാന്‍ മലയാളിക്ക് സാധിക്കണം.

പാര്‍ലമെന്റിലൊക്കെ പോകുമ്പോള്‍ അവിടെ ഏതു ഭാഷയിലും സംസാരിക്കാനുള്ള അവകാശവും സൗകര്യവുമുണ്ട്. നമ്മുടെ ചില എം.പിമാരെങ്കിലും വളരെ അഭിമാനത്തോടുകൂടി മലയാളത്തില്‍ സംസാരിക്കുന്നത് നാം കാണാറുണ്ട്. അത് തര്‍ജ്ജമ ചെയ്യാനും മറ്റുള്ളവര്‍ക്ക് മനസിലാക്കാനുള്ള സൗകര്യങ്ങള്‍ എല്ലാം അവിടെയുണ്ട്. അത് മറ്റുള്ളവരും ഉപയോഗപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ വരണം. മലയാളത്തില്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുന്ന ഇംഗ്ലീഷിനെയും ഇതരഭാഷകളെയും പൊങ്ങച്ച സഞ്ചിയായി കൂടെ കൊണ്ടുനടക്കുന്നവരുടെ ഇടയിലേക്ക് മലയാള ഭാഷ അഭിമാനബോധത്തോടെ, തലയെടുപ്പോടെ ഉയര്‍ന്നു വരണം. ഉയര്‍ത്തിക്കൊണ്ടു വരണം. കോളനിയാന്തര കാലത്ത് മറ്റു ഭാഷകളോട് നമുക്ക് തോന്നിയ ആഭിമുഖ്യം മാറി മലയാളമാണ് എന്റെ ഭാഷ... മലയാളത്തില്‍ ഞാന്‍ സംസാരിക്കും... മലയാളത്തില്‍ കവിത ചൊല്ലും... ഏത് സദസിനെയും ഞാന്‍ മലയാളത്തില്‍ അഭിമുഖീകരിക്കും... എന്നു പറയാനുള്ള ഒരു ആര്‍ജ്ജവം, ഒരു തന്റേടം, അതിനോടുള്ള ഒരു സമര്‍പ്പണം മലയാളിക്ക് ഉണ്ടാവണം. ഉണ്ടാവും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago