യമനില്‍ ആശുപത്രിക്കുനേരെ വ്യോമാക്രമണം; കുട്ടികളടക്കം ഏഴു മരണം
റിയാദ്: യമനില്‍ ആശുപത്രിക്കുനേരെ നടന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ യമനിലെ ഗ്രാമീണ മേഖലയിലെ ഒരു ആശുപത്രിക്ക് നേരെയാണ് വ്യോമാക്രമണം നടന്നത്.
കുട്ടികളുടെ സംരക്ഷണത്തിനുള്ള സംഘടനയാണ് വാര്‍ത്ത പുറത്ത് വിട്ടത്. യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സഖ്യ സേനയാണ് യുദ്ധത്തിന് വ്യോമ യുദ്ധവിമാനം ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട യമന്‍ യുദ്ധത്തിലെ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണമാണിത്. അമേരിക്കന്‍, ബ്രിട്ടന്‍ നിര്‍മിത യുദ്ധവിമാനങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഇവിടെ ഉപയോഗിക്കുന്നത്.
കിതാഫ് ആശുപത്രി പ്രവേശന കവാടത്തിനു മുന്നില്‍ അമ്പതു മീറ്റര്‍ അകലെയുള്ള ഗ്യാസ് സ്‌റ്റേഷനിലാണ് വ്യോമാക്രമണം നടന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ നഗരമായ സഅദയില്‍ നിന്നും 96 കിലോമീറ്റര്‍ അകലെയാണ് വ്യോമാക്രമണം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്നത്.
ആശുപത്രി തുറന്ന് അര മണിക്കൂറിനുള്ളിലാണ് ആക്രമണം നടന്നതെന്നും രോഗികളും ആശുപത്രി ജീവനക്കാരും എത്തിത്തുടങ്ങുന്ന നേരത്താണ് ആക്രമണമെന്നും കുട്ടികളുടെ സംഘടന വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ആശുപത്രി ജീവനക്കാരനും ഇവരുടെ രണ്ടു കുട്ടികളടക്കം നാല് കുട്ടികളുമാണുള്ളത്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനാണ്.
ആശുപത്രിക്ക് നേരെ നടന്ന ആക്രമണം ഞെട്ടലുളവാക്കിയെന്നും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും സേവ് ചില്‍ഡ്രന്‍ സംഘടനാ മേധാവി കരോലിന്‍ പറഞ്ഞു. ജനവാസ കേന്ദ്രത്തിലെ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ നിരപരാധികളായ കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കമുള്ളവരുടെ ജീവനുകളാണ് പൊലിഞ്ഞതെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."