ഗ്യാസ് ഏജന്‍സി ഉടമയുടെ കൊല: പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി
മഞ്ചേരി: വളാഞ്ചേരി ആലിന്‍ചുവട് രാഹുല്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതി (56), എറണാകുളം സ്വദേശി മുഹമ്മദ് യൂസഫ് (51) എന്നിവര്‍ പ്രതികളായ കേസില്‍ 73 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 52 പേരെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 76 രേഖകളും, 21 തൊണ്ടിമുതലും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. കൊലചെയ്യപ്പെട്ട വിനോദ്കുമാറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം 15ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളെ കോടതി നേരിട്ടു ചോദ്യം ചെയ്യുന്നതിനുള്ള തിയതി അന്നു തീരുമാനിക്കും. സാഹചര്യതെളിവുകളും ശാസ്ത്രീയമായ തെളിവുകളും നിര്‍ണായകമായതിന്റെ അടിസഥാനത്തില്‍ ശക്തമായ വാദമാണ് പ്രോസിക്യൂഷന് കോടതിയില്‍ നടത്തിയത്.
2015 ഒക്ടോബര്‍ എട്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെട്ടേറ്റു മരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ജ്യോതിയേയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. 38ഓളം മുറിവുകളാണ് വിനോദിനേറ്റിരുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയുടെ പങ്കു വ്യക്തമായത്. മോഷണ ശ്രമമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വീട്ടില്‍ നിന്നും പണവും ആഭരണവും പ്രതി കവര്‍ന്നിരുന്നു. വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്തുകള്‍ ഭാഗം വച്ചുപോകുമെന്നു കണ്ടതോടെയാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്. എറണാകുളത്തെ ഇവരുടെ ഫ്ളാറ്റിലെ താമസക്കാരനും കുടുംബസുഹൃത്തുമായ യൂസഫിനെ ഇതിനായി കൂടെ കൂട്ടി. രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി അനസ് വരിക്കോടന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."