ജിന്ന എന്ന ദുരന്ത നാടകം
ലണ്ടനിലെ തന്റെ പഠനകാലത്ത് ഷേക്‌സ്പീരിയന്‍ നാടകങ്ങളില്‍ ഏറെ തല്പരനായിരുന്നു മുഹമ്മദ് അലി ജിന്ന. അക്കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുകയും അഭിനയം തന്റെ പ്രൊഫഷന്‍ ആയി സ്വീകരിക്കുന്ന കാര്യം സഗൗരവം ചിന്തിക്കുകയും ചെയ്തു ജിന്ന. പ്രശസ്തമായ ഗ്ലോബ് തിയേറ്ററില്‍ റോമിയോയുടെ വേഷത്തില്‍ അഭിനയിക്കുക എന്നത് യുവാവായ ജിന്നയുടെ സ്വപ്നമായിരുന്നു. ചരിത്രത്തിന്റെ നാടകവേദിയില്‍ വേഷം കെട്ടാനായിരുന്നു പക്ഷെ ജിന്നയുടെ നിയോഗം. ചരിത്രനാടക വേദിയില്‍ ജിന്നയുടെ വേഷം, പുരാതന ഗ്രീക്ക് ദുരന്തനാടക കഥാപാത്രമായ ഈഡിപ്പസിനെ അനുസ്മരിപ്പിക്കുന്നു. 'അച്ഛനെ കൊന്ന് മാതാവിനെ വേള്‍ക്കുക' എന്ന ദുര്‍വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഈഡിപ്പസ് വിധിയുടെ ക്രൂരവിനോദത്തിന് ഇരയായി അച്ഛനെ കൊല്ലുകയും മാതാവിനെ വേള്‍ക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ താന്‍ എന്താണോ യഥാര്‍ഥമായി ആഗ്രഹിച്ചത് അതിന് വിപരീതമായി പ്രവര്‍ത്തിക്കേണ്ടി വന്ന ഒരു ദുരന്ത നായകനായിരുന്നു ജിന്ന. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് യൂനിയന്‍ ഹാളിലെ ജിന്നയുടെ ഛായാചിത്രത്തെ സംബന്ധിച്ച വിവാദം വീണ്ടും ജിന്നയെ ദേശീയ ശ്രദ്ധയിലേക്ക് ആനയിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച ഒരു പുനര്‍വിചിന്തനത്തിന് ഏറെ പ്രസക്തിയുണ്ട്.
രാജ് മോഹന്‍ ഗാന്ധിയുടെ 'അണ്ടര്‍സ്റ്റാന്‍ഡിങ് മുസ്‌ലിം മൈന്‍ഡ്' എന്ന കൃതിയില്‍ മുഹമ്മദ് അലി ജിന്നയെ പറ്റിയുള്ള അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ ഈ വിധിവൈപര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം ഹിന്ദു- മുസ്‌ലിം ഐക്യത്തിന് വേണ്ടി നിലകൊണ്ടു; അവസാനം മുസ്‌ലിം വിഘടനവാദത്തിന്റെ അപോസ്തലനായി പരിണമിച്ചു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് വാദിച്ച അദ്ദേഹം, പിന്നീട് മതരാഷ്ട്രീയത്തിന്റെ വക്താവായി മാറി.
പിന്നീട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കൊടും ശത്രുവായി തീര്‍ന്ന ജിന്ന 1906ല്‍ കോണ്‍ഗ്രസ് അംഗമായി. ആ വര്‍ഷം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ...ആധ്യക്ഷം വഹിച്ച ദാദാ ഭായ് നവറോജിയുടെ സെക്രെട്ടറിയായി ജിന്ന പ്രവര്‍ത്തിക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിലാണ് 'സ്വരാജ്' എന്ന വാക്യം ആദ്യമായി മുഴങ്ങിയത്. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്'എന്ന് പ്രഖ്യാപിച്ച ബാല ഗംഗാധര തിലക് ,ദേശദ്രോഹത്തിനു പ്രോസിക്യൂട്ട് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ വാദിച്ചത് ജിന്നയായിരുന്നു. ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ജിന്നയുടെ ആദ്യ പ്രസംഗം തന്നെ സൗത്ത് ആഫ്രിക്കയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരുന്ന ഇന്ത്യന്‍ വംശജരുടെ സമരത്തെ അനുകൂലിച്ചു കൊണ്ടുള്ളതായിരുന്നു.
എല്ലാ തരം വിഭാഗീയ മുന്‍ധാരണകളില്‍ നിന്നും മുക്തനായ ജിന്ന, ഹിന്ദു -മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ ആയി മാറുമെന്നാണ് ഗോപാല കൃഷ്ണ ഗോഖലെ പ്രവചിച്ചത്. ഞാന്‍ ഒരു മുസ്‌ലിം ഗോഖലെ ആകാന്‍ മോഹിക്കുന്നു എന്ന് ജിന്നയും പ്രഖ്യാപിച്ചു.എന്നാല്‍, ഗോഖലെ നിലകൊണ്ട മതേതര ലിബറല്‍ ആശയങ്ങളുടെ എതിര്‍ചേരിയില്‍ എത്തിപ്പെടാനായിരുന്നു ജിന്നയുടെ വിധി.
1913ല്‍ മുസ്‌ലിം ലീഗില്‍ ചേരുമ്പോള്‍ മുസ്‌ലിം രാഷ്ട്രീയം ഒരു തരത്തിലും ദേശീയ താല്പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത് എന്ന ഉറപ്പ് ലീഗ് നേതാക്കളില്‍ നിന്ന് ജിന്ന സ്വീകരിച്ചിരുന്നു. 1916ല്‍ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും ഒപ്പുവച്ച ലഖ്‌നൗ കരാര്‍ ജിന്നയുടെ രാഷ്ട്രീയ രംഗത്തെ ഏറ്റവും മികച്ച നേട്ടമായിരുന്നു. ലഖ്‌നൗ കരാര്‍ അനുസരിച്ച് മുസ്‌ലിംകള്‍ക്ക് പ്രത്യേക നിയമസഭാ മണ്ഡലങ്ങള്‍ എന്ന ആശയവും നിയമ നിര്‍മാണ സഭകളില്‍ മൂന്നില്‍ ഒന്ന് പ്രാതിനിധ്യം എന്ന ആവശ്യവും കോണ്‍ഗ്രസ് അംഗീകരിച്ചു.
പകരം ഇന്ത്യക്ക് സ്വയം ഭരണം നേടാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പിന്തുണ പ്രഖ്യാപിച്ചു. അന്ന് ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ ആയി വാഴ്ത്തപ്പെട്ട ജിന്ന 1940ലെ മുസ്‌ലിം ലീഗിന്റെ ലാഹോര്‍ പ്രമേയത്തോടെ ദ്വിരാഷ്ട്രവാദത്തിന്റെ വക്തവായി മാറി. 1916ല്‍ എന്തിനുവേണ്ടി നിലകൊണ്ടോ അതിന്റെ എതിര്‍ ദിശയിലായി മാറി, ലാഹോര്‍ പ്രമേയത്തോടെ ജിന്നയുടെ സ്ഥാനം.
ഗോപാല്‍ കൃഷ്ണ ഗോഖലെ ,ഫിറോസ് ഷാ മെഹ്ത, ബാല്‍ ഗംഗാധര്‍ തിലക് എന്നീ അതികായന്മാരുടെ വിയോഗത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ സംജാതമായ ശൂന്യത നികത്തേണ്ടിയിരുന്നത് ജിന്നയായിരുന്നു. എന്നാല്‍ 1919ലെ റൗലത്ത് ആക്റ്റിനെതിരായ നിയമലംഘന സമരത്തിലൂടെ ഗാന്ധിജി ആ സ്ഥാനത്തേക്ക് ഉയര്‍ന്നു.1920ല്‍ ഖിലാഫത്ത് നിസ്സഹകരണ സമരം ആരംഭിച്ചപ്പോള്‍ ജിന്ന അതിനെ പിന്തുണച്ചില്ല.
ഗാന്ധിജിയുമായുള്ള വഴിപിരിയല്‍ ഇവിടെ തുടങ്ങി. കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നിയതമായ രീതിയുണ്ടായിരിക്കണം എന്നാവശ്യപ്പെട്ട ജിന്നയെ, ഷൗക്കത്ത് അലിയെ പോലുള്ള ഗാന്ധി അനുകൂലികള്‍ നിര്‍ദയം എതിര്‍ത്തു. ഹോം റൂള്‍ ലീഗ് പ്രസിഡന്റ് ആയിരുന്ന ഗാന്ധിജി, സംഘടനയുടെ പേരും ഭരണഘടനയും ഭേദഗതി ചെയ്തത്, ഏറെ കാലം ഹോം റൂള്‍ ലീഗുമായി ബന്ധപ്പെട്ടിരുന്ന ജിന്നയെ അലോസരപ്പെടുത്തി.ജിന്ന സംഘടനയില്‍ നിന്ന് രാജിവച്ചു. ഗാന്ധിജി രാജി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തിന് നല്‍കിയ മറുപടിയില്‍ ഗാന്ധിയന്‍ രീതികള്‍ ദുരന്തത്തിലേക്കാണ് നയിക്കുക എന്നു ജിന്ന തുറന്നടിച്ചു. നാഗ്പൂരില്‍ വച്ച് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന് പച്ചക്കൊടി കാണിച്ചപ്പോള്‍ ജിന്ന എതിര്‍ചേരിയില്‍ നിലയുറപ്പിച്ചു. 'ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ നിന്നുള്ള സ്വയം ഭരണം' എന്ന ലക്ഷ്യത്തിനു പകരം 'സ്വരാജ്' എന്നത് കോണ്‍ഗ്രസ് ലക്ഷ്യമായി പ്രഖ്യാപിച്ചതും ജിന്നയെ ആകുലപ്പെടുത്തി. സ്വാതന്ത്ര്യവും ഹിന്ദു - മുസ്‌ലിം ഐക്യവും ജിന്നയുടേയും ഗാന്ധിജിയുടേയും പൊതുലക്ഷ്യങ്ങള്‍ ആയിരുന്നു.
എന്നാല്‍, ഗാന്ധിജി പൊതുജനസമരം എന്ന മാര്‍ഗം തെരഞ്ഞെടുത്തപ്പോള്‍ ജിന്ന,ആദ്യകാല മിതവാദികളുടെ മാര്‍ഗമായ ഭരണഘടനാമാര്‍ഗത്തെയാണ് അഭിലഷണീയമായി കണ്ടത്. ഗാന്ധിജിയുമായി ഗൂഢമായി ഉടലെടുത്ത മത്സരബുദ്ധി ജിന്നയെ സ്വന്തം ആദര്‍ശങ്ങളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍.
മുസ്‌ലിം ലീഗും ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചതോടെ ജിന്നയുടെ മുന്നില്‍ ഉണ്ടായിരുന്ന ഏക പോംവഴി ലിബറലുകളുടെ കൂടെക്കൂടുക എന്നതായിരുന്നു.എന്നാല്‍ രാഷ്ട്രീയ പ്രസക്തി നിലനിര്‍ത്താന്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ സജീവമാകുക എന്നതാണ് കരണീയം എന്ന് ജിന്നക്ക് തോന്നി. 1927 ലെ ഡല്‍ഹി പ്രൊപ്പോസലിലൂടെ വീണ്ടും ലഖ്‌നൗ പാക്ട്‌നു സമാനമായ ഒരു അനുരഞ്ജനത്തിന് ജിന്ന തയ്യാറായി.പൊതു നിയമസഭാ മണ്ഡലങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കാന്‍ ജിന്ന മുന്നോട്ടുവന്നു.
കവി ഇക്ബാലിനേയും മുഹമ്മദ് ഷാഫിയേയും പോലുള്ള മുസ്‌ലിം ലീഗിലെ സഹപ്രവര്‍ത്തകരെ ജിന്നക്ക് ഇക്കാര്യത്തില്‍ പിണക്കേണ്ടി വന്നു .1925 ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ജിന്ന പ്രഖ്യാപിച്ചത് താന്‍ ഒന്നാമതും രണ്ടാമതും അവസാനവും ദേശീയവാദിയാണ് എന്നാണ്. ഏതെല്ലാം ജിന്നയുടെ അടിസ്ഥാനപരമായ മതേതരദേശീയവാദ സ്വഭാവത്തിന് നിദര്‍ശമാണ്.
1928ല്‍ നെഹ്‌റു കമ്മിറ്റിയുടെ മേല്‍ ജിന്ന മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളിയതോടെ കോണ്‍ഗ്രസ്സുമായി അദ്ദേഹം എന്നന്നേക്കുമായി വിടപറഞ്ഞു.ഇനി ഒരു അനുരഞ്ജനം സാധ്യമല്ല എന്ന് അദ്ദേഹത്തിന് വ്യക്തമായി. വിഭജനത്തിനു ശേഷവും താന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്നും വിഭജനം കേവലം താല്കാലികമാണെന്നും ജിന്ന വിശ്വസിച്ചിരുന്നു.1939 മെയ് 30നു തയ്യാറാക്കിയ ഒസ്യത്തില്‍ തന്റെ സമ്പത്ത് അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിക്കും ബോംബെ യൂനിവേഴ്‌സിറ്റിക്കും ബോംബയിലെ അഞ്ച്മാന്‍ഇ ഇസ്‌ലാം സ്‌കൂളിനും ആംഗ്ലോ അറബിക് സ്‌കൂളിനും മാറ്റിവച്ച ജിന്ന മാനസികമായി എന്നും ഇന്ത്യക്കാരനും ഇന്ത്യന്‍ മൂല്യങ്ങളോട് ഇസ്‌ലാമിക മൂല്യങ്ങളോടുള്ളതിനേക്കാള്‍ താല്പര്യമുള്ള വ്യക്തിയും ആയിരുന്നു.
പാകിസ്ഥാന്‍ രൂപീകരിക്കുന്നതിനുള്ള മുഖ്യതടസ്സം ജിന്നയാണ് എന്നാണ് ഖക്‌സര്‍ പ്രസ്ഥാനത്തിന്റെ നേതാവായ ഇനായത്തുല്ല മെഷ്‌റിക്കി 1943ല്‍ പ്രസ്താവിച്ചത്. വിഘടനവാദവും വര്‍ഗീയതയും ജിന്നയെ സംബന്ധിച്ചിടത്തോളം ഫ്രാങ്കസ്റ്റെയ്ന്‍ മോണ്‍സ്റ്റര്‍ ആയിരുന്നു. ജിന്ന സൃഷ്ടിച്ചുവിട്ട അവ അദ്ദേഹത്തെ തന്നെ വിഴുങ്ങി.
ഒരു വിലപേശല്‍ തന്ത്രം ആയി മാത്രമാണ് ജിന്ന പാക്കിസ്ഥാന്‍ എന്ന ആശയം മുന്നോട്ട് വച്ചത്. പിന്നീട് അതില്‍നിന്ന് പിന്തിരിയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത്തില്‍ കോണ്‍ഗ്രസും നിര്‍ണായകപങ്ക് വഹിച്ചു. ഗാന്ധിജിയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ ഹിന്ദു മഹാസഭാ നേതാവ് വി .ഡി .സവര്‍ക്കാരുമായി ബന്ധപ്പെടാന്‍ പോലും ജിന്ന ശ്രമം നടത്തി . 1943 ജൂലൈ 16നു സവര്‍കരെ തന്റെ വസതിയില്‍ വച്ച് സ്വീകരിക്കാന്‍ ജിന്ന തയാറെടുത്തു.
എന്നാല്‍, ഒരു ഖക്‌സര്‍ തീവ്രവാദി നടത്തിയ അക്രമത്തില്‍ ജിന്നക്ക് പരിക്കേറ്റതിനാല്‍ ആ കൂടിക്കാഴ്ച നടന്നില്ല. പാക്കിസ്താന്‍ യാഥാര്‍ഥ്യമായതിനു ശേഷം ദ്വിരാഷ്ട്രവാദം അദ്ദേഹം നിരാകരിച്ചു ;തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി പാഴ്‌സിയായ എഫ്.ഡി.ഹാന്‍സോട്ടിയയെ നിയമിച്ചു. നിയമമന്ത്രിയും ഭരണഘടനാനിര്‍മാണ സഭയുടെ അധ്യക്ഷനുമായ ദലിത് നേതാവായ ജോഗേന്ദ്ര നാഥ് മണ്ഡലിനെയും ജിന്ന നിയമിക്കുകയുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ ആയിരുന്ന ശ്രീ പ്രകാശയോട് ബോംബയിലെ തന്റെ വസതി കാത്തുസൂക്ഷിക്കണമെന്നും താന്‍ ഒരിക്കല്‍ അങ്ങോട്ട് തിരിച്ചുവരും എന്നുമാണ് ജിന്ന പറഞ്ഞത്.സോഫോക്‌ളീസിന്റെ നാടകത്തിലെ ഈഡിപ്പസ് രാജാവിനെ പോലെ, താന്‍ എന്താണോ ആഗ്രഹിച്ചത് അതിന്റെ വിപരീതദിശയില്‍ സഞ്ചരിക്കേണ്ടി വന്ന ദുരന്ത നായകനായിരുന്നു ജിന്ന. ഈഡിപ്പസ് പിതൃഹത്യ നടത്തുകയും മാതാവിനെ പ്രാപിക്കുകയും ചെയ്‌തെങ്കിലും അനുവാചകന്റെ ഹൃദയത്തില്‍ അദ്ദേഹത്തോട് വെറുപ്പുളവാകുന്നില്ല. ഈയൊരു സ്വഭാവം ജിന്ന എന്ന ദുരന്തനായകനിലും ദൃശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."