HOME
DETAILS
MAL
അനുശോചന പ്രവാഹം
backup
June 11 2020 | 02:06 AM
സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍
മലപ്പുറം: നിഷ്‌കളങ്കമായ പെരുമാറ്റവും നിസ്വാര്‍ഥ സേവനവുമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെ മുഖമുദ്രയെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു.
സമസ്തക്കും മുസ്‌ലിം ലീഗിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. കാസര്‍കോടിന്റെ മത രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്നു. ആയിരങ്ങള്‍ക്കു സാന്ത്വനം നല്‍കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. സമുദായ സേവനത്തിനു വേണ്ടി തന്റെ ജീവിതം മാറ്റിവച്ചെന്നും തങ്ങള്‍ അനുശോചിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങള്‍
മതപ്രബോധന രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമുദായത്തിന്റെ മുന്നോട്ടുള്ള ഏതു പ്രവര്‍ത്തനങ്ങള്‍ക്കും സൗമ്യനായി ശാന്തനായി അദ്ദേഹം സമസ്തയ്‌ക്കൊപ്പം എന്നും നിലകൊണ്ടു. സാമുദായി ഐക്യം നിലനിര്‍ത്തുന്നതിലും മറ്റും മുന്നില്‍നിന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും തങ്ങള്‍ പറഞ്ഞു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
മലപ്പുറം: കേരളത്തിലും കര്‍ണാടകയിലും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ മതപ്രബോധന, കാരുണ്യ രംഗത്തു മുന്നില്‍നിന്ന വ്യക്തിയായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
കാസര്‍കോട്ടും ബംഗളൂരുവിലും സമസ്തയുടെയും ഘടകങ്ങളുടെയും സമ്മേളനം നടക്കുമ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ സജീവമായി അദ്ദേഹം ഉണ്ടാവും. തന്റെ രാഷ്ട്രീയ, വ്യവസായ രംഗത്തോടൊപ്പം തന്നെ മതരംഗത്ത് പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. കേരളത്തിലെ മിക്ക സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനവും സഹായവും ലഭിച്ചിട്ടുണ്ടെന്നും വിയോഗം തീര്‍ത്തത് അപരിഹാര്യമായ വിടവാണെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൊതുജീവിതത്തിലെ മാതൃകയായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
എല്ലാ മേഖലകളിലും സംശുദ്ധമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരേ സമയം തന്നെ മത രാഷ്ട്രീയ വ്യവസായ രംഗങ്ങളില്‍ ശോഭിച്ചു. അപ്പോഴൊക്കെയും സത്യസന്ധതയും പക്വതയും കൈവിട്ടില്ല. ജീവിതത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ ജീവിച്ചപ്പോഴും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ താല്‍പര്യത്തോടെ അദ്ദേഹം പരിഗണിച്ചു. അതുകൊണ്ടുതന്നെ മറ്റെല്ലാ പദവികളെക്കാളും അധികം കാരുണ്യ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.എ മജീദ്
കോഴിക്കോട്: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തോടെ നിസ്വാര്‍ഥനായ ജനസേവകനെയാണ് നഷ്ടമായതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. സൗമ്യമായി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രവിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മുസ്‌ലിം ലീഗിന് അദ്ദേഹത്തിന്റെ നഷ്ടം നികത്താനാവാത്തതാണ്. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതായിരുന്നു. സത്യസന്ധതയും നിഷ്‌കളങ്കതയും ഒത്തുചേര്‍ന്ന നിസ്വാര്‍ഥ സേവകനെയാണ് വിയോഗത്തോടെ നഷ്ടമായതെന്നും മജീദ് പറഞ്ഞു.
ഡോ. എം.കെ മുനീര്‍
കോഴിക്കോട്: മെട്രോ മുഹമ്മദ് ഹാജി പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ മാത്രമല്ല, അതിനപ്പുറമുള്ള ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. രാഷ്ട്രീയ മത രംഗങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് എങ്ങനെ സഹായം നല്‍കാമെന്നായിരുന്നു അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നതെന്നും മുനീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.വി അബ്ദുല്‍
വഹാബ് എം.പി
മലപ്പുറം: ഞങ്ങള്‍ക്കെല്ലാം മാതൃകാ വ്യക്തിയായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. നല്ലൊരു ബിസിനസുകാരന്‍ എങ്ങനെയാണ് ജനസേവനത്തിലൂടെ തന്റെ ജീവിതം ധന്യമാക്കേണ്ടതെന്ന് പഠിപ്പിച്ചുതന്നു. വ്യവസായ പ്രമുഖന്‍ എന്നതിനെക്കാള്‍ അദ്ദേഹം ആഗ്രഹിച്ചത് ജനസേവകന്‍ ആകാനായിരുന്നു. അതുകൊണ്ടുതന്നെ ലീഗുമായും സമസ്തയുമായും ചേര്‍ന്നുനിന്നു. നിറഞ്ഞ ചിരിയും കലവറയില്ലാത്ത ആതിഥ്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത-അബ്ദുല്‍ വഹാബ് അനുശോചിച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: വേഷം പോലെ തന്നെ തൂവെള്ള മനസിനുടമയായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. എല്ലാ രംഗങ്ങളിലും നിറയെ നന്മകള്‍ അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടവാങ്ങിയത്. ലീഗിനു വേണ്ടിയും സമസ്തക്കു വേണ്ടിയും സാമ്പത്തികമായും ശാരീകമായും വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയെന്നും ഇ.ടി അനുസ്മരിച്ചു.
അബ്ദുസ്സമദ് സമദാനി
കോഴിക്കോട്: സര്‍വ മേഖലകളിലും നിസ്വാര്‍ഥ സേവനങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം അപരിഹാര്യമായ വിടവാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പരോപകാരിയും ഉദാരമതിയുമായ സാമൂഹിക സേവകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുള്ള സാമൂഹ്യ പ്രവര്‍ത്തകനെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറയും അനുസ്മരിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍ കൂടിയായ അദ്ദേഹം ചെയ്ത സേവനങ്ങള്‍ നിസ്തുലമാണെന്നും അവര്‍ പറഞ്ഞു. ഉമറലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവരും
കെ.എം.സി.സിയെ അതിന്റെ വളര്‍ച്ചയുടെ കാലഘട്ടം മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ഇബ്രാഹിം മുറിച്ചാണ്ടി അനുശോചിച്ചു.
സമസ്ത ബഹൈ്‌റന്‍ കമ്മിറ്റി, സലാല കേരള സുന്നി സെന്റര്‍ ജന. സെക്രട്ടറി വി.പി അബ്ദുസ്സലാം ഹാജി, കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍ തുടങ്ങിയവരും അനുശോചിച്ചു.
മെട്രോ മുഹമ്മദ് ഹാജി: മറഞ്ഞത് സൗമ്യ സാന്നിധ്യം
കാസര്‍കോട്: സമസ്തയുടെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു ഇന്നലെ വിടപറഞ്ഞ മെട്രോ മുഹമ്മദ് ഹാജി.
രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ ജ്വലിച്ചുനിന്ന അദ്ദേഹം സമസ്തയുടെ സജീവ പ്രവര്‍ത്തകനും മുസ്‌ലിം ലീഗുകാരനുമായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനു സമീപത്തു മലഞ്ചരക്ക് വ്യാപാരത്തിലൂടെ കച്ചവട രംഗത്തേക്ക് കടന്നുവന്ന് യു.എ.ഇ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ വ്യാപാരം വളര്‍ത്തുകയായിരുന്നു. മെട്രോ ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനം തുടങ്ങിയതോടെയാണ് മെട്രോ മുഹമ്മദ് ഹാജിയെന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
ഉത്തരമേഖലയില്‍ പൊതുരംഗത്ത് അനിഷേധ്യമായ നാമമായി മെട്രോ മാറിയത് വളരെ പെട്ടെന്നായിരുന്നു. തൂവെള്ള വസ്ത്രത്തിനകത്തെ തൂവെള്ള മനസുമായി അദ്ദേഹം സാമൂഹ്യരംഗത്ത് പുതിയ അധ്യായം രചിച്ചു. മൂന്നു പതിറ്റാണ്ടിലധികം കാലം ജില്ലയില്‍ സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നു. പാവങ്ങളെ സഹായിക്കുന്നതിനായി താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കേന്ദ്രീകരിച്ച് നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിര്‍ധനര്‍ക്ക് വീട് വച്ചു നല്‍കിയ ഭൂദാന പദ്ധതി ഉള്‍പ്പെടെ നരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.സമസ്ത ഒരു ആവേശമായി നെഞ്ചേറ്റുകയായിരുന്നു മെട്രോ മുഹമ്മദ് ഹാജി. സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷക സമ്മേളനം കാസര്‍കോട്ട് നടത്താന്‍ ഏറ്റെടുക്കുകയും ഉത്തരദേശത്ത് സംഘടനയുടെ പുതുചരിതം രചിക്കുകയും ചെയ്തു. കൂരിയാട്ട് നടന്ന സമസ്തയുടെ 85ാം വാര്‍ഷിക മഹാ സമ്മേളനത്തിലും ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷികത്തിലും മെട്രോ മുഹമ്മദ് ഹാജിയുടെ സേവനവും സഹായങ്ങളും നിസ്തുലമായിരുന്നു.വിയോഗമറിഞ്ഞ് അന്തിമോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട്ട് പ്രമുഖരെത്തി. നിരവധി പേരായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മയ്യിത്ത് നിസ്‌കാരം നടന്ന സി.എച്ച് സെന്ററിനു കീഴിലെ ഡയാലിസ് സെന്റര്‍ പരിസരത്തും എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, പി.കെ ഫിറോസ്, സി.പി കുഞ്ഞിമുഹമ്മദ്, എന്‍.സി അബൂബക്കര്‍, പി.എ ഹംസ, ഇബ്‌റാഹിം എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, മുസ്‌ലിം ലീഗ് നേതാവ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് സ്വദേശമായ കാസര്‍കോട് ചിത്താരിയിലേക്കു കൊണ്ടുപോയി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, ജന. സെക്രട്ടറി ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, സമസ്ത ദ. കന്നഡ ജില്ലാ പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, ജന. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജന. സെക്രട്ടറി എ. അബ്ദുറഹ്മാന്‍, മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡി.സി.സി പ്രസിഡന്റ് ഹകീം കുന്നില്‍, എ.ജി.സി ബശീര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."