സ്ഥാനാര്‍ഥികളുടെ സമുദായ സമവാക്യം; ആറ്റിങ്ങലിലെ പോരാട്ടം ആകാശംമുട്ടും
തിരുവനന്തപുരം: മണ്ഡലങ്ങളിലെ ജാതി സമവാക്യങ്ങള്‍ പാലിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയം നേടുകയെന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു തന്ത്രമാണ്. ഇത്തവണ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നു മുന്നണികളും ഈ സമവാക്യം പാലിച്ചതോടെ പോരാട്ടം ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ്.
എക്കാലവും ഈഴവ സമുദായത്തില്‍പെട്ട സ്ഥാനാര്‍ഥിയെയാണ് സി.പി.എം മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ആറ്റിങ്ങലില്‍ വിജയിച്ചുവന്നത് സി.പി.എമ്മാണ്. പലപ്പോഴായി ഈഴവ സമുദായത്തില്‍പെട്ടവരെ കൊണ്ടുവന്ന് യു.ഡി.എഫ് പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി ഇതുവരെ അത്തരത്തിലൊരു പരീക്ഷണത്തിനുപോലും തയാറായിരുന്നില്ല. പക്ഷെ ഇത്തവണ സ്ഥിതിയാകെ മാറിയിരിക്കുന്നു. സി.പി.എം. മാത്രമല്ല യു.ഡി.എഫും ബി.ജെ.പിയും ഈഴവ സ്ഥാനാര്‍ഥികളെ നിര്‍ത്തി പോരാട്ടത്തിന് വീറും വാശിയും പകര്‍ന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാലാം വിജയത്തിനായി മണ്ഡലത്തില്‍ പോരിനിറങ്ങിയ സി.പി.എമ്മിന്റെ സിറ്റിങ് എം.പി എ. സമ്പത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലാതായിരിക്കുകയാണ്.
ഈഴവ സമുദായക്കാരനും കോന്നി മണ്ഡലത്തിലെ എം.എല്‍.എയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശ് കോണ്‍ഗ്രസിനായി പോരാട്ടത്തിനെത്തിയതോടെ ചിത്രം മാറിമറിഞ്ഞിരിക്കുകയാണ്. മകന്റ ഭാര്യയുടെ അച്ഛനെന്ന നിലയില്‍ പ്രമുഖ ബാറുടമ ബിജു രമേശില്‍നിന്നു ലഭിക്കുന്ന പിന്തുണയും അടൂര്‍ പ്രകാശിന്റെ പോരാട്ടത്തിനു വീര്യം പകരുന്നു.
ഇതിനൊപ്പമാണ് ഈഴവ സമുദായത്തില്‍തന്നെയുള്ള ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ബി.ഡി.ജെ.എസുമായുള്ള മുന്നണി ബന്ധം മണ്ഡലത്തിലെ ഈഴവ വോട്ടുകളെ സ്വാധീനിക്കാന്‍ വഴിയൊരുക്കുമെന്നാണ് ബി.ജെ.പിയും കണക്കാക്കുന്നത്.
മാത്രമല്ല ശബരിമല വിഷയത്തില്‍ ഒപ്പം നില്‍ക്കുന്ന എന്‍.എസ്.എസിനു മണ്ഡലത്തിലുള്ള വോട്ടും താമര ചിഹ്നത്തില്‍ ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ആറ്റിങ്ങലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണ നേടിയ ഒരു ലക്ഷത്തിലേറെ വോട്ട് രണ്ടു ലക്ഷത്തിനു പുറത്തെത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതാകട്ടെ എതിര്‍ സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പര്യാപ്തവുമായിരിക്കും.
മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ ഒരേ സമുദായത്തില്‍നിന്നുള്ളതാണെന്ന കാരണം കൊണ്ടുതന്നെ ഈ വിഭാഗക്കാരുടെ വോട്ട് ഭിന്നിക്കും. സമ്പത്തിനു ലഭിച്ച ഈഴവ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുന്നത് മത്സരം കടുപ്പിക്കും. ശബരിമല വിഷയത്തില്‍ മണ്ഡലത്തിലെ ഇടതു മുന്നണി വോട്ടില്‍ വിള്ളല്‍ വീണാല്‍ സമ്പത്തിന്റെ വിജയം അസാധ്യമാകും. മറ്റു സമുദായങ്ങളുടെ വോട്ടുകളും പാര്‍ട്ടി വോട്ടുകളും പെട്ടിയിലാക്കാനുള്ള പെടാപ്പാട് സ്ഥാനാര്‍ഥികള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അപകടാവസ്ഥ മുന്നില്‍കണ്ട് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പൂര്‍വാധികം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."