ജലോപഭോഗം ഇസ്്‌ലാമികമാവണം
കുടിവെള്ളം പോലുമില്ലാതെ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ് നമ്മുടെ നാട്. കേരളത്തില്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വര്‍ഷമായിരുന്നു 2016. 36.08 ശതമാനമാണു കഴിഞ്ഞവര്‍ഷം മഴകിട്ടിയത്. ജീവന്റെ നിലനില്‍പ്പിനാധാരമായ ജീവജലം കിട്ടാക്കനിയാകുന്നത് ആശങ്കാജനകമാണ്.
ഋതുഭേദങ്ങളുടെ ചുവടുമാറ്റംമൂലമുണ്ടായ അസന്തുലിതാവസ്ഥയാണ് മഴക്കുറവിനു കാരണമെന്നാണു കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നത്. ഒരുകാലത്ത് നമുക്ക് അഭിമാനവും അഹങ്കാരവുമായിരുന്നു തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയും പുണര്‍ന്നു പെയ്യുന്ന പുണര്‍തവും മറ്റും. ആ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന സാമൂതിരി രാജാവിന്റെ ഒരു പരാമര്‍ശം ഇന്നുമുണ്ട് ചരിത്രത്താളില്‍.
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ പറങ്കികള്‍ കൊണ്ടുപോവുകയാണെന്ന പരാതി കിട്ടിയപ്പോള്‍ 'നമ്മുടെ ഞാറ്റുവേല കൊണ്ടുപോകാന്‍ അവര്‍ക്കാകില്ലല്ലോ' എന്നായിരുന്നു രാജാവിന്റെ ചോദ്യം. ഇന്നിപ്പോള്‍, പറങ്കികളല്ലെങ്കിലും നമ്മുടെ ഞാറ്റുവേലകള്‍ എങ്ങോ കൊണ്ടുപോകപ്പെട്ടിരിക്കുന്നു.
ജലമില്ലാതായാല്‍ ഭൂമി വരളും. ക്രമേണ ആവാസവ്യവസ്ഥയ്ക്കു താളഭംഗം സംഭവിക്കും. മനുഷ്യനടക്കമുള്ള ജന്തുജാലങ്ങളുടെ ഭക്ഷണത്തില്‍ അധികവും ഭൂമിയില്‍ കിളിര്‍ത്തുണ്ടാവുന്നവയാണ്. ചെടിയും മരവും കിളിര്‍ക്കാന്‍ മഴവേണം. 'മണ്ണില്ലെങ്കില്‍ മരമില്ല, മരമില്ലെങ്കില്‍ മഴയില്ല, മണ്ണും മരവും മഴയുമില്ലെങ്കില്‍ മാനവനില്ല' എന്ന കുഞ്ഞുണ്ണി മാഷുടെ കവിത ഇവിടെ പ്രസക്തമാണ്.
പ്രകൃതിസംരക്ഷണം ജീവിതദൗത്യമെന്നതിനപ്പുറം ഏറെ പ്രതിഫലാര്‍ഹമായ കര്‍മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടാണ് പ്രകൃതിയെ ഹരിതഭംഗി നല്‍കി രമണീയമാക്കുന്ന കാര്‍ഷികവൃത്തിയെ ജോലികളില്‍ ഉല്‍കൃഷ്ടമെന്നു കര്‍ഷകന്റെ തഴമ്പുള്ള കൈ ഉയര്‍ത്തിക്കാട്ടി നബി(സ) പ്രഖ്യാപിച്ചത്. വൃക്ഷത്തൈ കൈയില്‍ പിടിച്ചുനില്‍ക്കുന്ന വേളയിലാണ് അന്ത്യനാളിന്റെ കാഹളം കാതില്‍മുഴങ്ങുന്നതെങ്കിലും ആദ്യം തൈ നട്ടേക്കണമെന്നാണു പ്രവാചക കല്‍പന.
അനിവാര്യഘട്ടത്തില്‍ ശത്രുരാജ്യത്തേക്കു സൈനികനീക്കം നടത്തേണ്ടിവരുമ്പോള്‍ നബി (സ) സൈനിക റജിമെന്റിനു നല്‍കിയ ഉപദേശങ്ങള്‍ ചരിത്ര പാഠങ്ങളാണ്. മരം മുറിക്കരുത്, കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കരുത് തുടങ്ങി പരിസ്ഥിതി സൗഹൃദമായ നയമാണ് പ്രവാചകനുണ്ടായിരുന്നത്. ആരെങ്കിലും ഒരു മരം നട്ടുവളര്‍ത്തുകയും അതു ഫലസമൃദ്ധമാവുകയും അതില്‍നിന്നു മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ (ഉടമസ്ഥന്റെ പൊരുത്തത്തോടെയോ, പൊരുത്തമുണ്ടെന്ന ഉറപ്പാലെയോ) കഴിക്കുന്നതെല്ലാം അയാള്‍ നല്‍കിയ സ്വദഖയായി ഗണിക്കപ്പെടുമെന്നാണു നബി വാക്യം.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള മഴയെ റഹ്മത്ത് (കാരുണ്യം) എന്നാണു ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്നത്. (25:48) അനുഗ്രഹമായ മഴ ചിലര്‍ക്കു നിഗ്രഹമാവാറുണ്ട്. മഴ ആവശ്യമായ അനുപാതത്തേക്കാള്‍ കൂടിയാലും കുറഞ്ഞാലും സര്‍വനാശത്തിനു കാരണമാകും. മൂസ നബി(അ)യുടെയും നൂഹ് നബി(അ)യുടെയും സമുദായങ്ങളെ മഴയുടെ ആധിക്യംകൊണ്ടാണ് അല്ലാഹു ശിക്ഷിച്ചത്.
ഹാജറ ബീവിയെയും മകന്‍ ഇസ്മാഈലിനെയും ജലഫലശൂന്യത സൃഷ്ടിച്ച ഊഷരതകൊണ്ടു പരീക്ഷിച്ചു. മഴയെ ഭൂവിതാനത്തിലേക്ക് ഇറക്കുന്നത് നാമാണോ അതോ നിങ്ങളാണോയെന്ന(56:69) അല്ലാഹുവിന്റെ താക്കീതുരൂപേണയുള്ള ചോദ്യത്തിന്റെ പൊരുളും മറ്റൊന്നല്ല.
ജീവജാലങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ മര്‍മസ്ഥാനത്തുള്ളതെന്നതിനാല്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഇസ്‌ലാം ജലോപയോഗത്തിനു കല്‍പിച്ചിരിക്കുന്നത്. നിസ്‌കാരത്തിനു മുമ്പ് അംഗശുദ്ധിവരുത്തുന്നതു നദിക്കരയില്‍ വച്ചാണെങ്കിലും ജലമുപയോഗിക്കുന്നതില്‍ മിതത്വം പാലിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നിങ്ങള്‍ ഭുജിക്കുകയും പാനം ചെയ്യുകയും ചെയ്യുക. നിങ്ങള്‍ ഒരിക്കലും ദുര്‍വ്യയം ചെയ്യരുത്(7:31), നിശ്ചയം അമിതവ്യയക്കാര്‍ പിശാചിന്റെ സഹയാത്രികരാണ് (17:26,27) എന്നാണു ഖുര്‍ആന്‍ പറയുന്നത്.
വെള്ളം പിടിച്ചുവയ്ക്കാനോ തടഞ്ഞുവയ്ക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരിക്കല്‍ ഒരു സ്വഹാബിവര്യന്‍ പ്രവാചകനോടു ചോദിച്ചു: 'എന്റെ മരണപ്പെട്ട മാതാവിനായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.' 'നീ അവര്‍ക്കായി ഒരു പൊതുകിണര്‍ കുഴിച്ചു നല്‍കുക. അതില്‍നിന്നു ജലം ഉപയോഗിക്കുന്ന കാലത്തെല്ലാം അതിന്റെ വിഹിതം അവര്‍ക്കു ഖബറില്‍ അല്ലാഹു നല്‍കും.' എന്നായിരുന്നു മറുപടി. 'ഭൂമിയില്‍ അധിവസിക്കുന്ന സര്‍വ സൃഷ്ടിജാലങ്ങള്‍ക്കും അല്ലാഹു ഭക്ഷണപാനീയങ്ങള്‍ കൃത്യമായ അളവില്‍ കരുതിവച്ചിട്ടുണ്ട്. മറ്റൊരിടത്തു ഭൂമിയിലുള്ളവരെയെല്ലാം ശുദ്ധമായ വെള്ളം ഞാന്‍ കുടിപ്പിച്ചിരിക്കുന്നു. ' (77:27) എന്ന പ്രയോഗമാണു ഖുര്‍ആന്‍ നടത്തിയിരിക്കുന്നത്.
ഭൂമിയില്‍ ജീവജാലങ്ങള്‍ക്കാവശ്യമായ വെള്ളം അല്ലാഹു ഇറക്കിയിട്ടുണ്ട്. മനുഷ്യര്‍ തത്വദീക്ഷയില്ലാതെയും അശാസ്ത്രീയമായും ഉപയോഗിക്കുന്നതും മലിനമാക്കുന്നതുമാണു വറുതിക്കു കാരണം. കേരളത്തില്‍ 93 ശതമാനം വെള്ളവും ഉപയോഗിക്കാന്‍ പറ്റാത്ത നിലയില്‍ മലിനീകരിക്കപ്പെട്ടുവെന്നാണു വാട്ടര്‍ അതോറിറ്റിയുടെ കണക്ക്. ശേഷിക്കുന്നതില്‍ കുത്തകക്കമ്പനികള്‍ കൈവച്ചിരിക്കുന്നു. ഭൂമിയുടെ നെഞ്ചുകീറി ജലം ഊറ്റിയെടുത്തു വലിയ കുപ്പികളിലാക്കി കൊള്ളലാഭം കൊയ്യുകയാണവര്‍. ഇന്ത്യയില്‍ പ്രതിവര്‍ഷം 1800 കോടി കിലോമീറ്റര്‍ ചുറ്റളവില്‍നിന്നു ജലം വ്യാപകമായി ഊറ്റുന്നുണ്ടെന്നാണു കണക്ക്.
അതിനു പരിഹാരം കാണാതെ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. വിഷവാതകം വിമാനങ്ങളിലാക്കി മേഘപാളികള്‍ക്കു മുകളില്‍ വിതറിയുള്ള ഈ മഴവര്‍ഷം പ്രകൃതിക്കും മനുഷ്യനും ഒരുപോലെ നാശംവിതയ്ക്കും. ഇതിനുമുമ്പ് ഒരു രാജ്യം ഇതു പരീക്ഷിച്ചപ്പോള്‍ പേമാരി നിര്‍ത്താനാവാതെ കുഴങ്ങിയിരുന്നു. കൃത്രിമമഴ പോംവഴിയല്ലെന്നു ചുരുക്കം. അല്ലാഹുവിന്റെ കാരുണ്യവര്‍ഷത്തിലൂടെ മരിച്ചഭൂമിയെ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."