ഉംറ വിമാനങ്ങള്‍ ഹജ്ജ് ടെര്‍മിനലിലേക്ക് തിരിച്ചുവിടും
ജിദ്ദ: ഉംറ തീര്‍ഥാടകരുമായെത്തുന്ന മുഴുവന്‍ വിമാനങ്ങളും ഹജ്ജ് ഉംറ ടെര്‍മിനലിലേക്ക് തിരിച്ചുവിടുമെന്ന് ജിദ്ദ വിമാനത്താവള പബ്ലിക് റിലേഷന്‍. ഹജ്ജ് ടെര്‍മിനലിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടുന്നത് യാത്രാ നടപടികള്‍ എളുപ്പമാക്കാന്‍ വിമാനത്താവളത്തിലെ മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹജ്ജ് ടെര്‍മിനലില്‍ സേവനത്തിനായി ഗവണ്‍മെന്റ്-സ്വകാര്യ മേഖലയിലെ 27 വകുപ്പുകള്‍ രംഗത്തുണ്ട്. ഉംറ സീസണ്‍ തുടങ്ങിയതു മുതല്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി 25,88,357 തീര്‍ഥാടകരെത്തിയതായി വിമാനത്താവള ഓഫിസ് അറിയിച്ചു. സഫര്‍ മാസം മുതല്‍ റജബ് ആദ്യം വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ 26,32,007 പേര്‍ തിരിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
ഉംറ സീസണായതും പുതിയ വിമാനക്കമ്പനികളുടെ ആഭ്യന്തര-വിദേശ സര്‍വിസുകള്‍ വര്‍ധിച്ചതും കാരണം വിമാനത്താവളത്തിലെ തിരക്ക് കൂടിയിട്ടുണ്ട്. ശവ്വാല്‍ 10 വരെ ഉംറ തീര്‍ഥാടകരുടെ വരവ് തുടരും.
ഹജ്ജ്-ഉംറ സീസണുള്ളതിനാല്‍ ജിദ്ദ വിമാനത്താവളത്തില്‍ എപ്പോഴും തിരക്കാണ്. പോയ വര്‍ഷം 31 ദശലക്ഷം യാത്രക്കാരെ ജിദ്ദ വിമാനത്താവളം സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ വിമാനത്താവളത്തിന് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."