കത്തുന്ന വേനലില്‍ തീരങ്ങളില്‍ വറുതിയുടെ തിരയടി
കെ. മുഹമ്മദ് റാഫി
തിരുവനന്തപുരം: ആളൊഴിഞ്ഞ ലേല സ്ഥലം. കരയില്‍ കയറ്റി ഓലയും ചാക്കും കൊണ്ട് മൂടി കെട്ടിയ വള്ളങ്ങള്‍. മത്സ്യം കയറ്റാന്‍ വാഹനങ്ങള്‍ ഇല്ല. കടലില്‍ പോയവരെ കാത്തു തീരങ്ങളില്‍ നില്‍ക്കാനും ആരുമില്ല. ഇത് തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കഴിഞ്ഞ ആഴ്ചകളില്‍ കാണുന്ന ദുരവസ്ഥ. സൂര്യന്‍ കത്തിയെരിയുന്ന ഈ കാലയളവില്‍ ജില്ലയിലെ തീരദേശങ്ങളില്‍ വറുതിയുടെ തിരമാലകള്‍ ആര്‍ത്തിരമ്പുകയാണ്. ജില്ലയിലെ പ്രധാന മീന്‍ പിടിത്ത കേന്ദ്രങ്ങളായ വര്‍ക്കല, അഞ്ചുതെങ്ങു, പെരുമാതുറ, മര്യനാട്, പൂന്തുറ, വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ തീരദേശങ്ങളില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്.
സാധാരണ ഇത്തരം മത്സ്യ വിപണന തീരദേശങ്ങളില്‍ രാവും പകലും മത്സ്യവുമായി എത്തുന്ന ബോട്ടുകളും വള്ളങ്ങളും കാത്തു വ്യാപാരികള്‍ വാഹനങ്ങളുമായി ഹാര്‍ബറുകളില്‍ കാത്തു കിടക്കും. എന്നാല്‍, വേനല്‍ കനത്തതോടെ കടലില്‍ പോകുന്ന വള്ളങ്ങളില്‍ മത്സ്യങ്ങളില്ലാതെ വെറും കയ്യോടെയാണ് തൊഴിലാളികളുടെ മടക്കം. ചെറിയ യന്ത്രവല്‍കൃത ഫൈബര്‍ വള്ളങ്ങളില്‍ നാലു പേരടങ്ങുന്ന സംഘത്തിന് കടലില്‍ പോകുവാന്‍ മണ്ണെണ്ണയും മറ്റു ഭക്ഷണ ചെലവുകളുമായി ഒരു ദിവസത്തേക്ക് 1000 രൂപയ്ക്കു മുകളിലാണ് ചെലവ്. ഇപ്പോള്‍ ഈ തുക ചെലവാക്കി പോകുന്നവര്‍ക്ക് ഇതിന്റെ പകുതി തുക പോലും കിട്ടാത്ത അവസ്ഥയിലാണ് കടലില്‍ നിന്നും കരയിലേക്ക് മടക്കം. സാധാരണ നിലയില്‍ ഇപ്പോള്‍ അയല, വങ്കട, കൊഴിയാള, തുടങ്ങിയ മത്സ്യങ്ങളുടെ സീസണ്‍ ആണ്. എന്നാല്‍, കരയില്‍ നിന്നും 20 കിലോമീറ്റര്‍ പോയിട്ടും ഒരു മത്സ്യവും കിട്ടാതെ തിരിച്ചു വരേണ്ട ഗതികേടിലാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വിഴിഞ്ഞം ഹര്‍ബാറിലെ മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളി മജീദ് പറഞ്ഞു. മത്സ്യം കിട്ടാത്തതിനാല്‍ കടലില്‍ പോക്ക് നിലച്ചു. ഇപ്പോള്‍ ഞങ്ങളുടെ കൂരകളില്‍ ഉണക്ക മീനാണ് ഉപയോഗിക്കുന്നത്. മറ്റു തൊഴിലുകള്‍ക്കു പോകാന്‍ അറിയില്ല. ഞങ്ങള്‍ക്കു അറിയാവുന്നത് മീന്‍ പിടിത്തമാണ്. ഇപ്പോള്‍ കടലില്‍ പോയിട്ട് ദിവസങ്ങളായി. കരയില്‍ മൂടിക്കെട്ടിയ തന്റെ ഫൈബര്‍ വള്ളത്തില്‍ പിടിച്ചു കൊണ്ട് അഞ്ചു തെങ്ങിലെ മത്സ്യ തൊഴിലാളി പറയുന്നു. ഈ തീരദേശ മേഖലകളില്‍ നൂറു കണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് തീരത്തു നിരന്നു കിടക്കുന്നത്. രാവിലെ എട്ടു മണി കഴിഞ്ഞാല്‍ വേനല്‍ കനത്തു തുടങ്ങുന്നതോടെ ഉള്ളവരും തീരം വിട്ടു പോകുന്ന അവസ്ഥയാണ് നിലവില്‍. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന വള്ളങ്ങള്‍, വന്‍ തുക കൊടുത്തു വാങ്ങിയ എന്‍ജിനുകള്‍, ഇതെല്ലാം ലോണ്‍ എടുത്തും പലിശക്ക് പണം കടം വാങ്ങിയുമൊക്കെ വാങ്ങിയതാണ്. വറുതിയുടെ പിടിയില്‍ തീരം ആയതോടെ കടലിലെ പോകാന്‍ കഴിയാതെ വന്നതിനാല്‍ എല്ലാ വഴികളും അടഞ്ഞു കടങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണെന്ന് മര്യനാട്ടെ മത്സ്യ തൊഴിലാളി പറഞ്ഞു. മത്സ്യ ബന്ധനം നിലച്ചതോടെ ഹാര്‍ബറുമായി ബന്ധപെട്ടു ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ വീടുകള്‍ അടക്കം എല്ലാം പട്ടിണിയുടെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."