മുരളി വീട്ടിലെത്തി; ലീഡറുടെ ഓര്‍മയില്‍ വികാരഭരിതനായി മുന്‍ എം.എല്‍.എ
എടച്ചേരി: വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എടച്ചേരിയിലെ പണാറത്ത് കുഞ്ഞി മുഹമ്മദിന്റെ വീട് സന്ദര്‍ശിച്ചു.
നാദാപുരം നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിക്കിടയില്‍ ഇന്നലെ ഉച്ചയോടെയാണ് മുരളീധരന് മുന്‍ എം.എല്‍.എയുടെ എടച്ചേരി നോര്‍ത്തിലെ വീട്ടിലെത്തിയത്. 85 പിന്നിട്ട പണാറത്ത് പ്രായാധിക്യത്താലുള്ള അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
എന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ സുഹൃത്തുകൂടിയായിരുന്ന മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ മകന് മുരളീധരനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ പണാറത്ത് വികാരഭരിതനായി. തന്റെ പ്രിയപ്പെട്ട നേതാവിന്റെ മകന് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത് തന്നെ ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പണാറത്ത് പറഞ്ഞു.
അച്ഛന്റെ ഓര്‍മകള്‍ മുരളിയുമായി പങ്കുവയ്ക്കുമ്പോള്‍ പണാറത്ത് തന്റെ പ്രയാസങ്ങള്‍ മറന്ന് വാചാലനായി. താന്‍ പെരിങ്ങളം നിയസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അവിടെയെത്തി തനിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് ചെയ്ത പ്രസംഗം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നതായി പണാറത്ത് പറഞ്ഞു.
തന്റെ അച്ഛന്റെ സുഹൃത്തും മുസ്ലിം ലീഗിന്റെ പഴയ കാല നേതാവുമായ പണാറത്തിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞതില്‍ തനിക്കും ഏറെ സന്തോഷമുണ്ടെന്ന് മുരളിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."