ഡിവൈഡറുകളിലെ പരസ്യ ബോര്‍ഡുകള്‍: മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലുള്ള ഡിവൈഡറു കളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സിറ്റി പൊലിസിന്റെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
സംസ്ഥാന പൊലിസ് മേധാവിയും, നഗരസഭാ സെക്രട്ടറിയും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണം. സെന്റര്‍ ഫോര്‍ കണ്‍സ്യൂമേഴ്‌സ് എജ്യുക്കേഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിലുള്ള വിധിക്ക് വിരുദ്ധമാണ് സിറ്റി പൊലിസിന്റെ നടപടിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയില്ലെന്ന് പരാതിയില്‍ പറയുന്നു.
പരസ്യം സ്ഥാപിക്കുന്ന സ്ഥലങ്ങളിലെ രേഖകള്‍ മാഞ്ഞ് പോയ സീബ്രാ ക്രോസിങ് കൃത്യമായി വരയ്ക്കാന്‍ പോലും പൊലിസ് തയാറാകാത്ത സാഹചര്യമാണ്. സിറ്റി ട്രാഫിക് പൊലിസിന് റോഡിലുള്ള ഡിവൈഡറുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികാരമില്ല. നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായതിനാല്‍ ബോര്‍ഡുകളില്‍ പരസ്യം ചെയ്യാന്‍ സിറ്റി പൊലിസിന്റെ നമ്പര്‍ നല്‍കിയിരിക്കുന്നത് തെറ്റാണെന്ന് പരാതിക്കാരന്‍ വാദിച്ചു.
ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന ബോര്‍ഡുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."