ഈണമിട്ട സ്വാഗതഗാനങ്ങള്‍ 50; വിഷ്ണു ഭട്ടിന് ആദരം 23ന്
കാഞ്ഞങ്ങാട്: വ്യത്യസ്ത പാര്‍ട്ടികള്‍, ക്ലബുകള്‍, സ്‌കൂള്‍ കലോത്സവങള്‍, മതമൈത്രി സമ്മേളനങ്ങള്‍ തുടങ്ങി വിഷ്ണുഭട്ട് സ്വാഗതഗാനങ്ങള്‍ക്ക് ഈണമിട്ടു തുടങ്ങിയിട്ട് 50 തികയുന്നു. രാവണീശ്വരം സെന്‍ട്രല്‍ യൂത്ത് ക്ലബ് രജതജൂബിലിക്കാണ് അമ്പതാമത് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. ക്ലബിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന ഈ മാസം 23നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷ്ണുഭട്ടിന് ഉപഹാരം നല്‍കും.
1982-ല്‍ പാലക്കാട് സംഗീതകോളജില്‍ സംഗീത വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ സ്വാഗത ഗാനം വിഷ്ണു ഭട്ട് ചിട്ടപ്പെടുത്തിയത്. 1995ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 'മിനി' എന്ന സിനിമയിലെ ഒ.എന്‍.വിയുടെ വരികള്‍ക്കും സംഗീതം നല്‍കി. നടന്‍ മധു നിര്‍മിച്ച ചിത്രമാണിത്.
സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്കും സ്വാഗത ഗാനം ചിട്ടപ്പെടുത്തിയതായി വിഷ്ണുഭട്ട് മാഷ് പറഞ്ഞു. നിരവധി സ്‌കൂള്‍ കലോത്സവങ്ങളുടെ സ്വാഗത ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്.
നാട്ടിലെ കലാസമിതികളുടെ വാര്‍ഷികങ്ങള്‍ക്ക് ഏറെയും വിഷ്ണുഭട്ടിന്റെ സ്വാഗതഗാനമായിരിക്കും ഉണ്ടാകുക. ജനകീയ സംഗീതയാത്രക്കു തുടക്കമിട്ടത് വിഷ്ണുഭട്ടാണ്. ഇപ്റ്റയുടെ സംഗീതയാത്രക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.
ദേശീയ അധ്യാപക അവാര്‍ഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംഗീതാധ്യാപകനാണ് വിഷ്ണുഭട്ട്, സംഗീതാചാര്യ, ഗുരുപൂജ, റോട്ടറി, ലയണ്‍സ്, ജെ.സി, ആചാര്യ രത്‌ന, വീണാവാദിനി, കന്നട ചുടുക്കു സാഹിത്യ പരിഷത് പുരസ്‌കാരം തുടങ്ങി ഇരുപതിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."