ഇന്ന് തൃശൂരും മലപ്പുറവും ഒപ്പത്തിനൊപ്പം, സമ്പര്‍ക്കത്തിലും തൃശൂരും മലപ്പുറവും മുന്നില്‍, കാരണം വ്യക്തമാകാത്ത സമ്പര്‍ക്ക രോഗങ്ങള്‍ ആശങ്കയുയര്‍ത്തുന്നു
തിരുവനന്തപുരം: ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ തൃശൂരും മലപ്പുറവും ഒപ്പത്തിനൊപ്പം. രണ്ടിടത്തും 14 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ടയില്‍ ഏഴു പേര്‍ക്കും എറണാകുളം പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിലും തൃശൂരാണ് മുന്നില്‍. ഏഴുപേര്‍ക്കാണിവിടെ രോഗം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതെങ്കില്‍ രണ്ടാമതുള്ള മലപ്പുറത്ത് 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരില്‍ ഗള്‍ഫില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്ല രോഗം പടരുന്നതെന്നകാര്യത്തില്‍ ആശങ്കയുണ്ട്.
കോവിഡ് വ്യാപനത്തില്‍ തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സാമൂഹിക വ്യാപനം ഇതുവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ മാത്രം ജില്ലയില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നിലവില്‍ 204 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 140 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണം ഉയരുന്നതും ജില്ലയില്‍ ആശങ്ക പരത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ പത്ത് സ്ഥലങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ ആവശ്യകതയില്ല എന്നാണ് യോഗം വിലയിരുത്തിയത്. നിലവില്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് രോഗവ്യാപനം ഉണ്ടാകുന്നത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ രോഗികളുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സമൂഹത്തിനോട് ചെയ്യുന്ന ദ്രോഹമാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ്തല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."