ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
കരുനാഗപ്പള്ളി: നിറയെ ലോഡുമായി വന്ന ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഡ്രൈവറുടെ കാലിന് നിസ്സാര പരുക്കേറ്റു. ദേശീയപാതയില്‍ ഓച്ചിറ കല്ലൂര്‍മുക്കിന് സമീപം ബുധന്‍ പുലര്‍ച്ചെ 2.10 നായിരുന്നു അപകടം.
എറണാകുളത്തുനിന്നും കഴക്കൂട്ടത്തെ പ്ലാന്റിലേക്ക് 18 ടണ്‍ പാചകവാതകവുമായി പോയ ഭാരത് ഗ്യാസിന്റെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചതുപ്പിലേക്ക് മറിഞ്ഞ ടാങ്കറിന്റെ വാല്‍വ് തുറക്കാതിരുന്നതാണ് വന്‍ദുരന്തം ഒഴ്ിവാക്കിയത്. കടയ്ക്കല്‍ സ്വദേശിയായ രാജനാ(50)യിരുന്നു ഡ്രൈവര്‍. ഇയാള്‍ മാത്രമേ ലോറിയിലുണ്ടായിരുന്നുള്ളൂ.
ലോറി മറിഞ്ഞ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുടെ എന്‍ജിനും ഹെഡ്‌ലൈറ്റും മെയിന്‍സ്വിച്ചും ഒഫ് ചെയ്തു. ഇതുവഴി കടന്നുപോയ മറ്റ് വാഹനങ്ങളിലുള്ളവര്‍ വിവരമറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളിയില്‍ നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സും ഓച്ചിറ പൊലിസും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീടുകളില്‍ പാചകവാതക അടുപ്പ് കത്തിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ദേശീയപാതയില്‍ ഇരുവശത്തുനിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. വൈകുന്നേരം നാലു മണിയോടെ കോഴിക്കോട്ടുനിന്നും ഭാരത് ഗ്യാസിന്റെ റിക്കവറി എമര്‍ജന്‍സി വാഹനമെത്തി രണ്ട് ക്യാപ്‌സ്യൂള്‍ ടാങ്കിലേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മാറ്റാന്‍ തുടങ്ങി.രാത്രി വൈ കിയും ഈ ജോലി തുടരുകയാണ്. കാലിനു പരുക്കേറ്റ ഡ്രൈവറെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലിസ് കസ്റ്റഡിയിലെടുത്തു.
എ.സി.പി എസ്.സുരേഷ്‌കുമാര്‍, സി.ഐ. രാജപ്പന്‍ റാവുത്തര്‍, ഓച്ചിറ എസ്.ഐ വിനോദ് ചന്ദ്രന്‍, കരുനാഗപ്പള്ളി എസ്.ഐ ഗോപകുമാര്‍, ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ ഋഷി വിശ്വനാഥ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ സക്കറിയ അഹമ്മദ്കുട്ടി, ഭാരത് ഗ്യാസിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ ശശികല, മറ്റ് റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."