ജേക്കബ് തോമസിന്റെ അപേക്ഷയില്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടി
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐ.പി.എസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ സ്വീകരിച്ചിരുന്നില്ല
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, ഐ.പി.എസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ അപേക്ഷയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് നിയമോപദേശം തേടി.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ അപേക്ഷയില്‍ അനുകൂല തീരുമാനമെടുക്കണോ വൈകിപ്പിക്കണോ എന്നാണ് നിയമോപദേശം തേടിയിട്ടുള്ളത്. സ്വയം വിരമിക്കുന്നതിനായി ജേക്കബ് തോമസ് ഇ-മെയില്‍ വഴി ചീഫ് സെക്രട്ടറിക്ക് അപേക്ഷ അയച്ചിരുന്നെങ്കിലും അപേക്ഷയില്‍ ഒപ്പ് ഇല്ലെന്ന കാരണത്താല്‍ പൊതുഭരണ വകുപ്പ് അത് സ്വീകരിച്ചിരുന്നില്ല. പിന്നീട് ദൂതന്‍ വഴി ജേക്കബ് തോമസ് പുതിയ അപേക്ഷ എത്തിച്ചു. സ്വയം വിരമിക്കുന്നതിന് മൂന്ന് മാസത്തെ നോട്ടിസ് നല്‍കണമെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു.
എന്നാല്‍ 30 വര്‍ഷം സര്‍വിസുള്ള സിവില്‍ സര്‍വിസുകാര്‍ക്ക് ഇതാവശ്യമില്ലെന്ന് ജേക്കബ് തോമസ് വിശദീകരണം നല്‍കി. സാധാരണ സാഹചര്യത്തില്‍ സിവില്‍ സര്‍വിസുകാര്‍ക്ക് സ്വയം വിരമിക്കാന്‍ കടമ്പകള്‍ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണെങ്കില്‍ നടപടിക്രമങ്ങള്‍ എളുപ്പമാണ്. മൗലികാവകാശം നിഷേധിച്ചെന്ന് കാട്ടി കോടതിയില്‍ പോയാല്‍ തിരിച്ചടി കിട്ടുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്തെ സ്വയം വിരമിക്കല്‍ വേഗത്തില്‍ അംഗീകരിക്കുകയാണ് പതിവ്. പക്ഷേ, അച്ചടക്ക നടപടി ശേഷിക്കുന്നതിനാല്‍ ജേക്കബ് തോമസിന്റെ വിരമിക്കലിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. 50 വയസു കഴിഞ്ഞ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ സ്വയംവിരമിക്കല്‍ അപേക്ഷ സംസ്ഥാനത്തിന് സ്വീകരിക്കാമെന്നാണ് ചട്ടം. പിന്നീട് കേന്ദ്രത്തിന് അയച്ചുകൊടുത്താല്‍ മതി. ചാലക്കുടിയില്‍ നിന്ന് ട്വന്റി 20 സ്ഥാനാര്‍ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്.
അതേസമയം, ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷയുടെ ഫയല്‍ ലഭിച്ചിട്ടില്ലെന്നും ഫയല്‍ ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ മാത്രമേ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാനാവൂ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."