വഴിമുടക്കിക്കിടന്ന ഫറോക്ക് സ്റ്റേഷന് പരിസരത്തെ വാഹനങ്ങള്‍ നീക്കംചെയ്തു തുടങ്ങി
ഫറോക്ക്: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചു ദേശീയപാതയോരത്തും പൊലിസ് സ്റ്റേഷന് കോംപൗണ്ടിനകത്തും കിടന്നിരുന്ന വാഹനങ്ങള്‍ മാറ്റിത്തുടങ്ങി. അനധികൃത മണല്‍ കടത്തിനും മറ്റുമായി ഫറോക്ക് പൊലിസ് പിടിച്ചെടുത്ത വഴിമുടക്കികളായി കിടന്നിരുന്ന വാഹനങ്ങളാണു മാറ്റുന്നത്. കോടതിയും സര്‍ക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും വാഹനങ്ങള്‍ മാറ്റാനുള്ള നടപടിയായത് ഇപ്പോഴാണ്.
മൈസൂരുവിലെ എം.എസ്.ടി.സി കമ്പനിയാണു വാഹനങ്ങള്‍ ലേലത്തിനെടുത്തത്. 10 ടിപ്പര്‍ ലോറികള്‍, 11 മിനി വാനുകള്‍, 14 പെട്ടി ഓട്ടോകള്‍ എന്നിവയാണു പൊളിച്ചുമാറ്റി കൊണ്ടുപോകുന്നത്. മൈസൂരുവിലെ മാഗ്നം അയോണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയാണു വാഹനങ്ങള്‍ സ്റ്റേഷനകത്തും ദേശീയപാതയോരത്തുമായി വാഹനങ്ങള്‍ പൊളിച്ചടക്കുന്നത്. വാഹനങ്ങള്‍ നീക്കംചെയ്യുന്നതില്‍ വലിയ ആശ്വാസത്തിലാണ് ഫറോക്ക് പൊലിസ് സ്റ്റേഷനിലെ ജീവനക്കാര്‍. വാഹനങ്ങളുടെ എണ്ണപ്പെരുപ്പം കാരണം പൊലിസ് സ്റ്റേഷന് കോംപൗണ്ടിനകത്തു നിന്നുതിരിയാന്‍ ഇടമില്ലായിരുന്നു.
ഇതുകാരണം മേലധികാരികള്‍ വരെ കോംപൗണ്ടിനു പുറത്തു വാഹനം നിര്‍ത്തിയാണ് പൊലിസ് സ്റ്റേഷനകത്തേക്കു വന്നിരുന്നത്. താല്‍ക്കാലികമായി പൊലിസ് പിടിച്ചുകൊണ്ടുവരുന്ന വാഹനങ്ങളും പൊലിസിനു കൊണ്ടുവന്നിടാന്‍ ഇടമില്ലായിരുന്നു. ഇതിനെല്ലാം നേരിയ ആശ്വാസമായിരിക്കുകയാണ് 35 വാഹനങ്ങള്‍ പൊളിച്ചെടുത്തു കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."