സ്ഥലം മുടക്കിയായ പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍ പൊളിച്ചു നീക്കുന്നു
എരുമപ്പെട്ടി:എരുമപ്പെട്ടി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ സ്ഥലം മുടക്കിയായി കിടന്നിരുന്ന പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍ പൊളിച്ച് നീക്കല്‍ ആരംഭിച്ചു.
തകര്‍ന്ന് പുല്ല് വളര്‍ന്ന് കിടക്കുന്ന സ്വിമ്മിങ് പൂള്‍ പാമ്പുകളുടെയും ,തെരുവ് പട്ടികളുടെയും താവളമായി മാറിയതായും ഇത് കായിക വിദ്യാര്‍ഥികളുടെകളുടെ ജീവന് ഭീഷണിയാകുന്നതായും സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും സുപ്രഭാതം ചൂണ്ടിക്കാണിച്ചിരുന്നു.
എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂളില്‍ ഉള്‍പ്പടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍ അഴിമതിയുടെ സ്മാരകങ്ങളാണ്.
വിദ്യാര്‍ഥികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി കേന്ദ്ര യൂത്ത് അഫേഴ്‌സിന്റെ ധനസഹായത്തോടെ സംസ്ഥാന സ്‌പോര്‍ട്‌സ് യൂത്ത് അഫേഴ്‌സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ,പത്തനംതിട്ട, എറണാംകുളം, തൃശൂര്‍ ,കണ്ണൂര്‍ എന്നി അഞ്ച് ജില്ലകളിലെ പ്രധാന സ്‌കൂളുകളില്‍ മൂന്ന് വര്‍ഷം മുന്‍പാണ് പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂളുകള്‍ നിര്‍മിച്ചത്.
തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എരുമപ്പെട്ടി സ്‌കൂളിനാണ് സ്വിമ്മിങ് പൂള്‍ നിര്‍മിക്കാന്‍ അവസരം ലഭിച്ചത്.
മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയായ പൂന രാഷ്ട്രീയ ലൈഫ് സേവിങ് സൊസൈറ്റിക്കാണ് പൂളുകളുടെ നിര്‍മാണവും പരിപാലനവും കരാര്‍ നല്‍കിയിരുന്നത്. ഒരു സ്വിമ്മിങ് പൂളിന്റെ നിര്‍മാണത്തിന് 25 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിന് പുറമെ പരിശീലനത്തിനും പരിപാലനത്തിനുമെന്ന പേരില്‍ കമ്പനി ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.
പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതല്ലാതെ സ്വിമ്മിങ് പൂളുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല.
പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴേക്കും പദ്ധതി നടത്തിപ്പ് ചുമതലയുള്ള പൂന രാഷ്ട്രീയ ലൈഫ് സേവിങ് സൊസൈറ്റിയുടെ ഉദ്യോഗസ്ഥരും പരിശീലകരും സ്ഥലം വിട്ടു.
പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ സ്ഥലം മുടക്കിയായി മാറിയ സ്വിമ്മിങ് പൂള്‍ പുല്ലും പാഴ്‌ചെടികളും വളര്‍ന്ന് ഉപയോഗ ശൂന്യമായി മാറി. മഴക്കാലത്ത് ഇതില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതും സമീപവാസികളെയും പരിഭ്രാന്തിയിലാക്കി.
പദ്ധതിയുടെ മറവില്‍ നടന്ന അഴിമതി പുറത്ത് കൊണ്ട് വന്ന സുപ്രഭാതം പൂള്‍ കുട്ടികള്‍ക്ക് ഭീഷണിയാകുന്നതിനെ കുറിച്ചും നിരവധി തവണ വാര്‍ത്ത നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കായിക വകുപ്പിന്റെ അനുമതിയോടെ അഴിമതിയുടെ സ്മാരകമായ പോര്‍ട്ടബിള്‍ സ്വിമ്മിങ് പൂള്‍ പൊളിച്ച് നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."